ലക്നൗ: 16 വയസ്സുകാരിയെ പിതാവ് കൊലപ്പെടുത്തി റോഡരികിൽ തള്ളിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രണയത്തിൽനിന്ന് പിന്മാറാത്തതിന്റെ പേരിലായിരുന്നു അരും കൊല. ലക്നൗ സ്വദേശി വന്ദന ചൗബെയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് വിജയ് കുമാർ ചൗബെ (34), ഇയാളുടെ സുഹൃത്ത് അബ്ദുൾ മന്നാൻ (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷമാണ് ഉപേക്ഷിച്ചത്. ലക്നൗവിലെ ഒരു സർവകലാശാലയിൽ ബസ് ഡ്രൈവറാണ് പ്രതിയായ വിജയ് കുമാർ.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വന്ദന കാമുകനൊപ്പം വീടുവിട്ടിറങ്ങിയിരുന്നു. തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ തിരികെ കൊണ്ടുവരികയും യുവാവിനെ മൂന്നു മാസത്തേക്ക് ജയിലിലടയ്ക്കുകയും ചെയ്തു. എന്നാൽ നവംബറിൽ ജയിൽ മോചിതനായ യുവാവുമായി വന്ദന വീണ്ടും ബന്ധം തുടർന്നു. ഇത് കുടുംബത്തിന് വലിയ നാണക്കേടുണ്ടാക്കിയെന്നും നാട്ടുകാർക്കിടയിൽ പരിഹാസ്യരായെന്നും വിജയ് കുമാർ പോലീസിനോട് പറഞ്ഞു. അപമാനം ഭയന്ന് പലതവണ ഇവർക്ക് താമസം മാറേണ്ടി വന്നു. കാമുകനെ മറക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും വന്ദന തയ്യാറാകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മകളെ വകവരുത്താൻ സുഹൃത്ത് അബ്ദുൾ മന്നാനുമായി ചേർന്നാണ് വിജയ് പദ്ധതിയിട്ടത്. ഏപ്രിൽ 13-ന് 'ബാധ ഒഴിപ്പിക്കാനെന്ന' വ്യാജേന പെൺകുട്ടിയെയും കൂട്ടി ഇവർ രാജസ്ഥാനിലേക്ക് കാറിൽ യാത്ര തിരിച്ചു. രാത്രിയോടെ ബാരബങ്കിയിലെ വിജനമായ സ്ഥലത്തെത്തിയപ്പോൾ ഉറങ്ങിക്കിടക്കുകയായിരുന്ന വന്ദനയെ ഇരുവരും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആസിഡ് ഉപയോഗിച്ച് മുഖം വികൃതമാക്കി. മൃതദേഹം ശാരദ കനാലിൽ തള്ളാനായിരുന്നു പദ്ധതിയെങ്കിലും റോഡിൽ വാഹനങ്ങൾ വരുന്നത് കണ്ട് ഭയന്ന പ്രതികൾ മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഏപ്രിൽ 16-ന് മകളെ കാണാനില്ലെന്ന് കാണിച്ച് വിജയ് കുമാർ തന്നെ പോലീസിൽ പരാതി നൽകി. അന്വേഷണത്തിന്റെ ഭാഗമായി ഫോൺ രേഖകൾ പരിശോധിച്ച പോലീസിന് വിജയ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊലയുടെ ചുരുളഴിഞ്ഞത്. സാമൂഹികമായ അപമാനം ഭയന്നാണ് സ്വന്തം മകളെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


