‘ഞങ്ങളൊരു പരിധിയും ലംഘിച്ചിട്ടില്ല, പേരുകൾക്കപ്പുറം ഭക്തിയൊഴുകുന്ന ഞങ്ങളുടെ മണ്ണാണിത്’; വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ ക്രിസ്തീയ ഭക്തിഗാന ആലാപനം; വിമർശനങ്ങൾക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജൻസ്

‘നന്ദകുന്തിരിക്കം ഭജൻസ്’; ക്ഷേത്രോത്സവത്തിൽ ക്രിസ്തീയഭക്തിഗാനം പാടിയ നന്ദഗോവിന്ദത്തിനെതിരേ വിമർശനം

കോട്ടയം: ക്ഷേത്രമുറ്റത്ത് ഭക്തിസാന്ദ്രമായി ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഉയർന്ന വിമര്ശനങ്ങൾക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജൻസ്. കോട്ടയം നട്ടാശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ഗാനം ആലപിച്ചതാണ് ചർച്ചകൾക്ക് ആധാരം. മതസൗഹാർദത്തിന്റെ ഉദാത്ത മാതൃകയെന്ന് ഒരു വിഭാഗം പുകഴ്ത്തുമ്പോൾ, ഇതിനെതിരെ കടുത്ത സൈബർ ആക്രമണവുമായി മറ്റൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

ആർഎസ്എസ് സൈദ്ധാന്തികൻ വിദ്യാസാഗർ ഗുരുമൂർത്തി ഉൾപ്പെടെയുള്ളവർ സംഘത്തിനെതിരെ പരസ്യമായി രംഗത്തെത്തി. “ക്ഷേത്രവേദികൾ ക്രിസ്തീയ ഗാനങ്ങൾ പാടാൻ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. നന്ദഗോവിന്ദം ഭജൻസിനെ ‘നന്ദ കുന്തിരിക്കം ഭജയൻസ്’ എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വിഷയം ആളിക്കത്തിയത്.

സൈബർ ഇടങ്ങളിൽ അധിക്ഷേപം തുടരുന്നതിനിടെ സംഘത്തിലെ കലാകാരനായ നവീൻ മോഹനൻ നൽകിയ മറുപടി ശ്രദ്ധേയമായി. “ഞങ്ങളൊരു പരിധിയും ലംഘിച്ചിട്ടില്ല, അങ്ങനെയൊരു പരിധി ഞങ്ങൾ കണ്ടിരുന്നില്ല, പേരുകൾക്കപ്പുറം ഭക്തിയൊഴുകുന്ന ഞങ്ങളുടെ മണ്ണാണിത്” എന്നായിരുന്നു നവീന്റെ കുറിപ്പ്. ഭക്തിക്ക് നാമരൂപങ്ങൾക്കപ്പുറം വലിയൊരു അർത്ഥമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗാനം ആലപിക്കുന്നതിന് മുൻപ് തന്നെ ആ പ്രദേശത്തെ ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നന്ദഗോവിന്ദം ഭജൻസ് സംഘം വിശദീകരിക്കുന്നുണ്ട്. ക്ഷേത്രത്തിലെ ദേശവിളക്ക് സമയത്ത് പള്ളിയിലും വിളക്ക് തെളിയിക്കാറുണ്ട്. പരിപാടിക്ക് എത്തിയവർക്ക് പാർക്കിങ് സൗകര്യം ഒരുക്കിയത് പള്ളിയോട് ചേർന്നാണെന്ന വസ്തുതയും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹോദര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ആലപിച്ചതെന്ന് സംഘത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു.

2000-ൽ വേമ്പിൻകുളങ്ങര ക്ഷേത്രത്തിൽ രൂപംകൊണ്ട ഒരു കർക്കടക ഭജന സംഘമാണ് പിന്നീട് കേരളത്തിലുടനീളം ആരാധകരുള്ള നന്ദഗോവിന്ദം ഭജൻസ് ആയി വളർന്നത്. കാഴ്ച നഷ്ടപ്പെട്ട മുതിർന്ന അംഗം ഇളങ്ങൂർ രാജേന്ദ്രപ്പണിക്കരുടെ നേതൃത്വത്തിൽ തുടങ്ങിയ ഈ സംഘത്തിൽ ഇന്ന് സർക്കാർ ഉദ്യോഗസ്ഥരും വിദേശ മലയാളികളും ഉൾപ്പെടെയുള്ളവരുണ്ട്.

വർഷങ്ങൾക്കു മുൻപ് മോഹൻസിത്താരയുടെ സംഗീതത്തിൽ യേശുദാസ് ആലപിച്ച ‘ഈ പരദേവനഹോ’ എന്ന ഗാനം വീണ്ടും തരംഗമായി നിൽക്കുന്ന സമയത്താണ് ഭജനസംഘം ഇത് ഏറ്റെടുത്തത്. വിദ്വേഷ പ്രചാരണങ്ങൾക്കിടയിലും ഭക്തിസാന്ദ്രമായ ഈ ആലാപനത്തിന് ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് സോഷ്യൽ മീഡിയയിലുള്ളത്.

Nandagovindam Bhajans has responded to backlash after performing a Christian devotional song, ‘Ee Paradevanaho,’ during a bhajan session at the Vembinkulangara Sree Mahavishnu Temple in Kottayam. While some praised it as a mark of communal harmony, others launched cyberattacks, citing a breach of temple sanctity. The troupe clarified that the song was performed upon devotees’ request, emphasizing that music and devotion transcend religious boundaries.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News