കൊച്ചി:നായികമാർക്ക് അർഹമായ പ്രതിഫലം ലഭിക്കാറില്ലെന്നും അതു തുറന്നുപറയാൻ ചിലർക്ക് നാണക്കേടാണെന്നും ഷക്കീല. കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. പൈസയുടെ വിലയറിയാത്ത ഒരു കാലമുണ്ടായിരുന്നു. കിന്നാരത്തുമ്പി എന്ന സിനിമയിൽ അഞ്ചു ദിവസത്തേക്ക് ഇരുപത്തി അയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. ആ സിനിമ പക്ഷേ വലിയ ഹിറ്റായി. അതിനുശേഷം ‘കാതര’ സിനിമ വന്നു. പത്തു ദിവസം ഷൂട്ട് ഉണ്ടായിരുന്നു. അതിന് ഒരു ദിവസം തനിക്കുലഭിച്ചത് പതിനായിരം രൂപയാണെന്നും ഷക്കീല പറഞ്ഞു.
‘‘ഒരു സിനിമയുടെ ഷൂട്ട് ആലപ്പുഴയായിരുന്നു. എനിക്കു ഇവിടുത്തെ ഭക്ഷണം പിടിക്കാത്തതുകൊണ്ട് ചെന്നൈയിൽ പോകണമെന്ന് പുതിയ സിനിമയുടെ ആളുകളോട് പറഞ്ഞു. ഞാൻ വെറുതെ ചോദിച്ചു, ഒരു ലക്ഷം നൽകാമോ? അവർ എതിരൊന്നും പറയാതെ അത് സമ്മതിച്ചു, അപ്പോൾത്തന്നെ പൈസയും തന്നു. മൂന്നു ദിവസം ഷൂട്ട് ചെയ്ത് നാലാം ദിവസം വിമാനടിക്കറ്റും നൽകി. പിന്നീട് ഷൂട്ട് കഴിഞ്ഞ ശേഷം രണ്ടു ലക്ഷം രൂപ അധികവും തന്നു. ഒരു ദിവസം എന്റെ പ്രതിഫലം ഒരു ലക്ഷം രൂപയെന്നാണ് അവർ കരുതിയിരുന്നത്. ഞാൻ ആ സിനിമയ്ക്ക് ആകെ ചോദിച്ച പൈസയായിരുന്നു ഒരു ലക്ഷം. മൂന്നു ദിവസം അഭിനയിച്ചതിന് എനിക്ക് കിട്ടിയത് മൂന്നു ലക്ഷം. അത്ര പൈസയൊന്നും ഞാൻ കണ്ടിട്ടുപോലുമില്ലായിരുന്നു.
എന്റെ മൂന്നാമത്തെ സിനിമയുടെ പ്രതിഫലമായിരുന്നു 3 ലക്ഷം. അതിനു ശേഷം 3 മുതൽ നാല് ലക്ഷം വരെ പ്രതിഫലം വാങ്ങി. ഒരു ദിവസം രണ്ട് കോൾഷീറ്റിൽ വരെ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അഭിനയിക്കുമ്പോൾ അവർ പറയുന്നതൊന്നും എനിക്ക് മനസിലാകില്ല, പറയുന്ന ഡയലോഗ് എന്തെന്ന് അറിയില്ല. ഇപ്പോഴാണ് കുറച്ചൊക്കെ പഠിച്ചത്. തിരക്കഥയുമായി യാതൊരു ബന്ധവുമില്ലാത്ത സീൻ ചെയ്യാൻ പറയും, ഞാൻ ചെയ്യും. അതേ കോസ്റ്റ്യൂം തന്നെയായിരിക്കും. ആ രംഗങ്ങൾ രണ്ട് സിനിമകളിലൊക്കെയാവും വരിക. അവർ എന്നെ പറ്റിക്കുന്നുവെന്നു മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ഇവരോടൊക്കെ ചെന്നൈയിൽ വരാൻ പറഞ്ഞു. എഴുപതോളം ചെക്കുകൾ ബൗൺസ് ആയിട്ടുണ്ട്. അതിനുശേഷം ഞാൻ പണമായാണ് പ്രതിഫലം വാങ്ങിയിരുന്നത്.
സിനിമയുടെ തുടക്കകാലത്ത് ക്യാമറാ ആംഗിളുകളേക്കുറിച്ചോ, എവിടെ ക്യാമറവെച്ചാൽ എന്ത് ദൃശ്യം കിട്ടുമെന്നോ അറിയില്ലായിരുന്നു. പതിനഞ്ചോളം ചിത്രങ്ങൾ ചെയ്തതിനുശേഷമാണ് അതേക്കുറിച്ച് ധാരണയുണ്ടായത്. ക്യാമറാ ആംഗിളുകളേക്കുറിച്ച് ധാരണയില്ലാതെയാണ് കിന്നാരത്തുമ്പികളിൽപ്പോലും അഭിനയിച്ചത്.
നൂറ്റമ്പതോളം സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സമ്പാദ്യം എന്നുപറയാൻ ഒന്നുമില്ല. ബംഗ്ലാവൊന്നും വേണ്ട. ഞാൻ ഇത്രയും കാലം സിനിമയിൽ അഭിനയിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം എന്റെ കുടുംബത്തിനു കൊടുത്തു കഴിഞ്ഞു. ഇപ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല, അതുകൊണ്ട് തന്നെ എനിക്ക് ആദായ നികുതി വകുപ്പിനെ ഭയമില്ല. എന്റെ സമ്പാദ്യം ഞാൻ വേറെ ഒരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ല അങ്ങനെയുള്ള പ്രചാരണം തീർത്തും തെറ്റാണ്.’’ അവർ ചൂണ്ടിക്കാട്ടി.
തന്റെ പണം ഒരിക്കലും സിനിമയിൽ നിക്ഷേപിക്കില്ല. ഒരിക്കലും സംവിധാനം ചെയ്യില്ല. എല്ലാത്തിലും എന്നേ താത്പര്യം പോയതാണ്. നല്ല വേഷങ്ങൾ പിന്നെ ചെയ്തെങ്കിലും മലയാളസിനിമയ്ക്ക് ഇപ്പോഴും തന്നെ പേടിയാണെന്നും ഷക്കീല കൂട്ടിച്ചേർത്തു.