NationalNews

പട്ടം പറത്തുന്നതിനിടെ അപകടം; ഹൈദരാബാദിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുകുട്ടികൾ മരിച്ചു

ഹൈദരാബാദ്: പട്ടം പറത്തുന്നതിനിടെ ഉണ്ടായ അപകടങ്ങളില്‍പെട്ട് ഹൈദരാബാദില്‍ വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കുട്ടികള്‍ മരിച്ചു. അത്താപുരില്‍ ഷോക്കേറ്റ് 11 വയസുകാരന്‍ തനിഷ്‌കും നഗോളയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് 13 വയസുകാരന്‍ ശിവ കുമാറുമാണ് മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം അപ്പാര്‍ട്ടുമെന്റിന് മുകളില്‍ പട്ടംപറത്തി കളിക്കുകയായിരുന്നു തനിഷ്‌ക്. പട്ടത്തിന്റെ നൂല് വൈദ്യുതി വയറിൽ തട്ടുകയും ഷോക്കേറ്റ തനിഷ്‌ക് തല്‍ക്ഷണം മരണപ്പെടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വൈദ്യുതവയര്‍ അശ്രദ്ധമായി ഇട്ടിരുന്നതിന്റെ പേരില്‍ അപ്പാര്‍ട്ടുമെന്റ് ഉടമസ്ഥര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

പട്ടം പറത്തുന്നതിനിടെ നാലുനില കെട്ടിടത്തിന് മുകളില്‍നിന്ന് വീണാണ് എട്ടാം ക്ലാസുകാരനായ ശിവകുമാറിന് ജീവന്‍ നഷ്ടപ്പെട്ടത്. സമീപത്തുള്ള ആസ്ബറ്റോസ് കെട്ടിടത്തിന് മുകളിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ശിവകുമാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, വൈദ്യുതലൈനുകളുള്ള ഇടങ്ങളില്‍ ജനങ്ങള്‍ പട്ടംപറത്താന്‍ പാടില്ലെന്ന് തെലങ്കാന സ്റ്റേറ്റ് സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഷറഫ് അലി ഫാറൂഖി അറിയിച്ചു. ‘മാഞ്ജാ’ എന്ന് വിളിക്കുന്ന മെറ്റല്‍ കവറിങുള്ള പട്ടംനൂല്‍ ഉപയോഗിക്കുന്നത് അപകടം വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘കോട്ടണ്‍, ലിനന്‍, നൈലോണ്‍ തുടങ്ങിയവ മാത്രമേ പട്ടംനൂലായി ഉപയോഗിക്കാവൂ. സമീപത്ത് വൈദ്യുതി ലൈനുകളുള്ള സ്ഥലങ്ങളില്‍ പട്ടത്തിലോ പട്ടംനൂലിലോ മെറ്റല്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നത് വലിയ അപകടം ഉണ്ടാക്കും’, ഫാറൂഖി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker