‘കുടുക്കിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരും’ – ഉണ്ണികൃഷ്ണൻ പോറ്റി

പത്തനംതിട്ട: തന്നെ കുടുക്കിയതാണെന്നും കുടുക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ വിട്ട ഉണ്ണികൃഷ്ണൻ പോറ്റി കോടതിയിൽനിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 14 ദിവസത്തേക്കാണ് പോറ്റിയെ റാന്നി കോടതി കസ്റ്റഡിയിൽ വിട്ടത്. അടച്ചിട്ട മുറിയിലായിരുന്നു കോടതി നടപടികൾ.

വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് 11 മണിയോടുകൂടി റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഉണ്ണികൃഷ്ണ‌ൻ പോറ്റിയെ ഹാജരാക്കി. അടച്ചിട്ട മുറിയിൽ ആണ് കോടതി നടപടികൾ പുരോഗമിച്ചത്. കേസുമായി ബന്ധമില്ലാത്ത എല്ലാവരെയും കോടതിക്ക് പുറത്താക്കിയിരുന്നു. ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ നീണ്ട നടപടികൾക്കൊടുവിൽ 14 ദിവസത്തേക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു.

റിമാൻഡ് റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകൾ

കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്.ഐ.ടിയുടെ അന്വേഷണം വിജിലൻസ് കണ്ടെത്തിയ കാര്യങ്ങൾക്ക് സമാനമായ രീതിയിലാണ്.

റിമാൻഡ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:

1. 1998-ൽ സ്വർണം പൊതിഞ്ഞിരുന്ന ദ്വാരപാല കവചങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് ചെമ്പുപാളി എന്ന മട്ടിലായിരുന്നു.

2. പോറ്റി ഈ കവചങ്ങൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കുകയും യഥാർഥ സ്വർണം നീക്കം ചെയ്ത ശേഷം കുറഞ്ഞ തൂക്കത്തിൽ സ്വർണം പൂശി തിരിച്ച് ഏൽപ്പിക്കുകയും ചെയ്തു.

3. യഥാർഥ സ്വർണ്ണത്തകിടാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് എടുത്തു നൽകുന്നതെന്ന് രണ്ടാം പ്രതിയായ മുരാരി ബാബു അടക്കമുള്ളവർക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. എന്നിരുന്നാലും അത് ചെമ്പ് എന്ന പേരിൽ മറച്ചു വെച്ചുകൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്.

4. സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം പൂശിയ ശേഷം അത് ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥർക്ക് കൈമാറുമ്പോൾ അവർ അവിടെ ഉണ്ടായിട്ടും തൂക്കം നോക്കി ക്രമക്കേട് കണ്ടെത്താൻ തയ്യാറാകാതെ പ്രതിയെ ഏൽപ്പിച്ച് തിരിച്ചുപോരുകയായിരുന്നു.

5. ഇതിന്റെ ഫലമായി വിവിധ സ്ഥലങ്ങളിൽ പൂജകൾ നടത്തി കൂടുതൽ ലാഭം നേടാൻ പ്രതിക്ക് അവസരമൊരുങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News