കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത 544-ലെ പാലിയേക്കരയില്‍ ടോള്‍ പിരിക്കാനുള്ള സ്റ്റേ പിന്‍വലിച്ച് ഹൈക്കോടതി. എന്നാല്‍ ഉയര്‍ത്തിയ നിരക്കില്‍ പിരിക്കാനാകില്ലെന്നും പഴയ നിരക്കില്‍ മാത്രമേ ടോള്‍ പിരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കോടതി കേസ് തീര്‍പ്പാക്കിയിട്ടില്ല. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കോടതി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ എല്ലാ പ്രശ്‌നങ്ങളും വേഗത്തില്‍ തീര്‍പ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ടോള്‍ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനം കൈക്കൊണ്ടുകൂടേ എന്ന് കോടതി ദേശീയപാതാ അതോറിറ്റിയോട് നേരത്തെ ചോദിച്ചിരുന്നു. ജനം നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരാണ് കോടതിയെ സമീപിച്ചത്. അതേസമയം ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും എന്നാല്‍ മാത്രമേ ദേശീയപാതയിലെ മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.നേരത്തെ റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും പരിഗണിച്ചാണ് ഹൈക്കോടതി ടോള്‍ തടഞ്ഞിരിക്കുന്നത്.
അനന്തമായി ടോള്‍ പിരിവ് തടയാന്‍ കോടതിക്ക് സാധിക്കില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ സ്റ്റേ നീക്കിയിരിക്കുന്നത്. സര്‍വീസ് റോഡുകള്‍ കുറ്റമറ്റതാണെന്ന് ജില്ലാ കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാലിയേക്കരയിലെ എല്ലാ പ്രശ്‌നങ്ങളും വേഗത്തില്‍ തീര്‍പ്പാക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പണികള്‍ നടക്കുന്നതിനാല്‍ തന്നെ സ്ഥിരമായ ബാരിക്കേഡിങ് സംവിധാനം ചെയ്യാന്‍ സാധിക്കില്ലെന്നും താത്കാലിക ബാരിക്കേഡിങാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ടോള്‍ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെയ്ക്കുന്നത് ശരിയല്ലെന്ന് കേന്ദ്രം നേരത്തെ തന്നെ കോടതിയില്‍ നിലപാടെടുത്തിരുന്നു. റോഡ് നിര്‍മാണം വേഗത്തില്‍ പോകുന്നുണ്ടെന്നും ആവശ്യമായ സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
അതേസമയം ടോള്‍ പിരിക്കാനുള്ള അനുമതി ഹൈക്കോടതി നല്‍കിയതില്‍ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.


