റാന്നി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് റാന്നി കോടതി പോലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അടച്ചിട്ട കോടതിമുറിയിലെ വാദം കേള്‍ക്കലിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ക്രൈബ്രാഞ്ച് ഓഫീസില്‍നിന്ന് റാന്നി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.അഭിഭാഷകനുമായി സംസാരിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടതി പത്ത് മിനിറ്റ് സമയം അനുവദിച്ചു.
2019ല്‍ ശബരിമല ശ്രീകോവിലിനുമുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളും സ്വര്‍ണത്തിലുള്ള കട്ടിളപ്പാളികളും കാണാതായ രണ്ടുകേസുകളിലും ഒന്നാംപ്രതിയായ പോറ്റിയെ വ്യാഴാഴ്ച തിരുവനന്തപുരം പുളിമാത്തെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്ത്. ശബരിമലക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ആദ്യ അറസ്റ്റാണിത്.
ദിവസങ്ങളായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എസ്‌ഐടി പരിശോധന നടക്കുന്നുണ്ട്. രണ്ടുതവണ ശബരിമലയിലും ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും നടത്തിയ പരിശോധനകള്‍ക്കും തെളിവുശേഖരണത്തിനും പിന്നാലെയാണ് പോറ്റിയെ അറസ്റ്റ് ചെയ്യുന്നത്. നേരത്തേ പോറ്റിയെ ദേവസ്വം വിജിലന്‍സും ചോദ്യംചെയ്തിരുന്നു. കട്ടിളപ്പാളിക്കേസില്‍ 2019-ലെ ദേവസ്വംബോര്‍ഡ് പ്രതിപ്പട്ടികയില്‍ എട്ടാംസ്ഥാനത്താണ്.
സ്വര്‍ണപ്പാളി തട്ടിപ്പില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്കുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ശേഖരിച്ചതിനൊപ്പം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്നു ലഭിച്ച വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് പോറ്റിയെ ചോദ്യംചെയ്തത്. സ്വര്‍ണപ്പാളി ആര്‍ക്കുകൈമാറി, എത്ര സ്വര്‍ണം നഷ്ടപ്പെട്ടു, ആരൊക്കെ തട്ടിപ്പില്‍ ഉള്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
പോറ്റി അറസ്റ്റിലായ സാഹചര്യത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കുകയാകും അടുത്തഘട്ടം. ഒപ്പം ദേവസ്വം ഉദ്യോഗസ്ഥരിലേക്കും ബോര്‍ഡ് ഭരണസമിതിയിലേക്കും പോറ്റിയുടെ സഹായി കല്‍പേഷ് തുടങ്ങിയവരിലേക്കും അന്വേഷണം നീളും.
എന്നാല്‍ കല്‍പേഷ് എന്നത് ഒരു സാങ്കല്‍പ്പിക പേരാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും ചോദ്യംചെയ്യലില്‍നിന്ന് ലഭ്യമായിട്ടുണ്ട്.
ആരാണ് ഉണ്ണികൃഷ്ണൻ പോറ്റി?
തിരുവനന്തപുരം കിളിമാനൂർ പുളിമാത്താണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വദേശം. ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തിൽ ജോലി ചെയ്ത പരിചയവുമായാണ് 2007ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് തുടക്കം. പിന്നീട് ഏതാനും വർഷങ്ങൾക്കുള്ളിൽ ദേവസ്വം ബോർഡ് അംഗങ്ങളുടെയും ദേവസ്വം മന്ത്രി അടക്കമുള്ള ഉന്നതരുടെയും അടുത്തയാളായി മാറുന്ന പോറ്റിയെയാണ് എല്ലാവരും കണ്ടത്. കർണാടകയിലെ സമ്പന്നരെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി വളർന്നു. യാതൊരു വരുമാനവും ഇല്ലെന്ന് വിജിലൻസ് കണ്ടെത്തിയ പോറ്റി ലക്ഷങ്ങളുടെ വഴിപാടും സംഭാവനയുമാണ് ശബരിമലയ്ക്ക് നൽകിയത്.
ആദ്യം ശബരിമലയിൽ സ്വർണം പൊതിഞ്ഞ വാതിൽ മാറ്റി പുതിയ വാതിൽ നിർമ്മിച്ച് സ്വർണം പൂശി നൽകി. ഇതിന്റെ യഥാർത്ഥ സ്പോൺസർ ബെല്ലാരി സ്വദേശി ഗോവർധൻ ആയിരുന്നെങ്കിലും നേതൃത്വം പോറ്റിക്കായിരുന്നു. 2017 ൽ പോറ്റി ക്ഷേത്ര അലങ്കാരം, പടിപൂജ, ഉദയാസ്മന പൂജ, മേളം എന്നിവ നടത്തി. അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിതതിന് 10 ലക്ഷം രൂപ സംഭാവന നൽകി. 2017 ൽ തന്നെ 8.2 ലക്ഷം രൂപയുടെ രൂപയുടെ ചെക്കും 17 ടൺ അരിയും 30 ടൺ പച്ചക്കറിയും പോറ്റി സംഭാവന നൽകി. ശബരിമലയിലെ പതിനെട്ടാം പടിക്ക് മണിമണ്ഡപം നിർമ്മിച്ച് നൽകുകയും മണിമണ്ഡപത്തിലേക്കുള്ള മണികൾ നിർമ്മിച്ച് നൽകുകയും ചെയ്തു. അന്നദാനത്തിനായി 2025 ജനുവരിയിൽ ആറ് ലക്ഷം രൂപ നൽകി. 2025 മകരവിളക്കിനോട് അനുബന്ധിച്ച് 10 ലക്ഷം രൂപയും ഉണ്ണിക്കൃഷ്ണൻ പോറ്റി സംഭാവന നൽകി. ഇത് കൂടാതെ ചെറുതും വലുതുമായ പല പ്രവർത്തികളും വഴിപാടുകളും നടത്തി. പലതിന്റെയും യഥാർത്ഥ സ്പോൺസർമാർ മറ്റ് വ്യക്തികൾ ആയിരുന്നെങ്കിലും എല്ലാത്തിനും നേതൃത്വം പോറ്റിക്കായിരുന്നു. ഈ മുഴുവൻ ഇടപാടുകളും വീണ്ടും അന്വേഷിക്കണമെന്ന് ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.


