ഉണ്ണി മുകുന്ദൻ യുവതിയെ പീഡിപ്പിച്ചെന്ന പരാതി, നടന്റെ വിടുതൽ ഹർജി തള്ളി, തെളിവുകളുണ്ടെന്ന് കോടതി

കൊച്ചി: സ്ത്രീയെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ പുനഃപരിശോധനാ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. ഉണ്ണി മുകുന്ദന്റെ എറണാകുളത്തുള്ള ഫ്ളാറ്റില്‍ കഥ പറയാനെത്തിയ യുവതിയെ ബലാത്സംഗത്തിനു ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയ നടപടി ചോദ്യംചെയ്തു കൊണ്ട് താരം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയാണ് ഇപ്പോള്‍ സെഷന്‍സ് കോടതി തള്ളിയത്.

2017 ഓഗസ്റ്റ് 23 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് കേസില്‍ പറയുന്നു വിയന്നയില്‍ താമസമാക്കിയ മലയാളി യുവതിയുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.

ഹര്‍ജിക്കാരിയുടെയും സാക്ഷികളുടെയും മൊഴി പൂര്‍ണമായി എടുത്തിട്ടില്ലെന്നും തനിക്കു പരാതിക്കാരിയെ ക്രോസ് വിസ്താരം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഉണ്ണി മുകുന്ദന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

എന്നാല്‍ കേസ് നിലനില്‍ക്കുമെന്നും പ്രാഥമികമായി തെളിവുകളുണ്ടെന്നുമുള്ള മജിസ്ട്രേറ്റ് കോടതിയുടെ നടപടി ശരിവച്ചാണ് പുനഃപരിശോധന ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News