37.2 C
Kottayam
Saturday, April 27, 2024

ഉന്നാവോ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം,അമ്മയും ബന്ധുവും മരിച്ചു,പെണ്‍കുട്ടി സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു, സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയെന്ന് ആരോപണം

Must read

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍രംഗത്ത്. കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് അപകടത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും , സമാജ് വാദി പാര്‍ട്ടിയും ആവശ്യപ്പെട്ടു.

ബന്ധുവിനെ കാണാന്‍ റായ്ബറേലിയിലെ ജില്ലാ ജയിലിലേക്ക് പോകവെ ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അമ്മയും, ബന്ധുവും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍ക്കുട്ടിയും, അഭിഭാഷകനും ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.

കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷി കൊണ്ട് മറച്ചിരുന്നു. കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന് അപകടത്തില്‍ പങ്കുണ്ടെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. പെണ്‍കുട്ടിയോടൊപ്പം കാറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കാത്തതും സംശയത്തിന് ഇടനല്‍കുന്നു. എന്നാല്‍ കാറില്‍ സ്ഥലമില്ലാത്തതിനാല്‍ സുരക്ഷ ഉദ്യോസ്ഥരെ പെണ്‍കുട്ടി തന്നെ നിരസിച്ചതാണെന്നാണ് പൊലീസ് വാദം.

കാറിന്റെയും ട്രക്കിന്റെയും ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തുമെന്ന് ഡിഐജി അറിയിച്ചു. അപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ട്രക്കിന്റെ ഡ്രൈവറെയും ഉടമസ്ഥനെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. സത്യം പുറത്തുവരണമെങ്കില്‍ അപകടം സിബിഐ അന്വേഷിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ബിജെപി ഭരിക്കുന്ന നാട്ടില്‍ പീഡനനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പോലും നീതി കിട്ടുന്നിലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നിലവില്‍ ഉന്നാവോ പീഡനക്കേസ് സിബിഐയാണ് അന്വേഷിക്കുന്നത്. 2017 ജൂണ്‍ നാലിന് ജോലി ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ പീഡിപ്പിച്ചുവെന്നാണ് സിബിഐ കണ്ടത്തല്‍.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ല എന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് ഉന്നാവോ ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയില്‍ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങള്‍ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week