32.8 C
Kottayam
Saturday, April 27, 2024

കോണ്‍ഗ്രസ് നാഥനില്ലാ കളരി: ശശി തരൂര്‍

Must read

ദില്ലി:രണ്ടുമാസമായി ദേശീയ അധ്യക്ഷനില്ലാതെ കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി വാതിലുകള്‍ തുറന്നിടണമെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന് സ്ഥാനത്ത് എട്ടാഴ്ചയായിട്ടും പുതിയ ആള്‍ വരാത്തതില്‍ അസംതൃപ്തി പ്രകടമാക്കിയ ശശി തരൂര്‍ കോണ്‍ഗ്രസ് ഉത്തരവാദിത്തമില്ലാത്ത പാര്‍ട്ടിയാവരുതെന്ന് ആവശ്യപ്പെട്ടു. നേതൃത്വമില്ലായ്മയില്‍ അസംതൃപ്തനാണെന്ന് വ്യക്തമാക്കിയ തരൂര്‍ ഇനിയിത് കണ്ടു നില്‍ക്കാനാവില്ലെന്ന് തുറന്നടിച്ചു.

ജനങ്ങള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നു എന്ന് നേതൃത്വം മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട തരൂര്‍, കര്‍ണാടകത്തിലും ഗോവയിലും തിരിച്ചടിയുണ്ടായത് നാഥനില്ലാത്തതിനാലാണെന്നും അഭിപ്രായപ്പെടുന്നു.

നോമിനേറ്റ് ചെയ്തുവരുന്ന പ്രസിഡന്റ് ഇനി വേണ്ട, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് ഉണ്ടാവണം. പ്രസിഡന്റിനായി പാര്‍ട്ടി ജനങ്ങളെ സമീപിക്കട്ടെയെന്നാണ് തരൂര്‍ പറയുന്നത്. ജനങ്ങള്‍ക്ക് വിശ്വാസമുള്ളയാള്‍ അധ്യക്ഷനാവണം സംഘടനയെ ഒരു യുവാവ് നയിക്കാന്‍ സമയമായെന്നും തരൂര്‍ വ്യക്തമാക്കുന്നു.

ഇപ്പോഴുള്ളത് അപ്പോയ്‌മെന്റ് കമ്മിറ്റിയാണെന്നും അപ്പോയ്‌മെന്റ് കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും പറഞ്ഞു. ജനാധിപത്യ തെരഞ്ഞെടുപ്പിനായി സംഘടനയെ തുറന്നിടണം, പ്രിയങ്ക ഗാന്ധി എത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് പറഞ്ഞ തരൂര്‍, ഗാന്ധി കുടുംബത്തില്‍ നിന്നാരും ഉണ്ടാവില്ലെന്നാണ് രാഹുല്‍ പറഞ്ഞതെന്നും വ്യക്തമാക്കുന്നു. അധ്യക്ഷനാവാന്‍ താനില്ലെന്ന് കൂടി പറഞ്ഞ തരൂര്‍ തനിക്ക് പാര്‍ലമെന്റിനകത്തും പുറത്തുമുള്ള ചുമതലകള്‍ നിര്‍വഹിക്കാനാണ് താത്പര്യമെന്നും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week