‘ഞാന്‍ മരിക്കാന്‍ തയ്യാറല്ല, എന്നെ ഈ അവസ്ഥയില്‍ എത്തിച്ചവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം’ ഉന്നോവ പെണ്‍കുട്ടി അവസാനം പറഞ്ഞ വാചകം

ലഖ്നൗ: ”ഞാന്‍ മരിക്കാന്‍ തയ്യാറല്ല, എന്നെ ഈ അവസ്ഥയില്‍ എത്തിച്ചവരെ തൂക്കിലേറ്റുന്നത് എനിക്ക് കാണണം”- ഉന്നാവോയില്‍ ലൈംഗികാക്രമണത്തിന് ഇരയായ ശേഷം അക്രമികള്‍ തീകൊളുത്തിയ പെണ്‍കുട്ടി ആശുപത്രി കിടക്കയില്‍ വെച്ച് അവസാനമായി മാതാപിതാക്കളോടും സഹോദരനോടും പറഞ്ഞ വാക്കുകളാണ് ഇത്. അവസാന നിമിഷം വരെ അവള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു.

എനിക്കിനി ഒന്നും പറയാനില്ല. എന്റെ സഹോദരി ഇനി ഞങ്ങള്‍ക്കൊപ്പം ഇല്ല. ഒരാവശ്യം മാത്രമേ ഇനി പറയാനുള്ളൂ. ആ അഞ്ച് പേരേയും തൂക്കിക്കൊല്ലണം. അതില്‍ കുറഞ്ഞതൊന്നും അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് സഹോദരന്‍ പറഞ്ഞു. നിരന്തരം അവര്‍ മകളെ ഭീഷണിപ്പെടുത്തുമായിരുന്നു. വീട്ടുകാരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. ഒടുവില്‍ അവര്‍ എന്റെ മകളുടെ ജീവന്‍ തന്നെ എടുത്തു- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തീകൊളുത്തിയത്. ബലാത്സംഗ കേസിന്റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.40ന് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി മരണപ്പെട്ടത്. 11.10ന് പെണ്‍കുട്ടിയ്ക്ക് ഹൃദയാഘാതം സംഭവിച്ച പെണ്‍കുട്ടി 11.40ഓടെ മരിക്കുകയായിരുന്നു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയതായി സൂചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News