അവിവാഹിതര്‍ ഒഴിയണം,ഫ്‌ളാറ്റിന്റെ നോട്ടീസ് വിവാദത്തില്‍

തിരുവനന്തപുരം: ഫ്ളാറ്റ് സമുച്ചയത്തില്‍ അവിവാഹിതരായ വാടകക്കാരോട് ഒഴിയാനാവശ്യപ്പെട്ട് ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷൻ. തിരുവനന്തപുരം പട്ടത്തെ ഫ്ളാറ്റിലാണ് വിചിത്ര നിര്‍ദേശം. അവിവാഹിതര്‍ എതിര്‍ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഫ്ളാറ്റിന്റെ നോട്ടിസ് ബോര്‍ഡില്‍ പതിച്ചു.

തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സിലാണു നിര്‍ദേശം. ഫ്ലാറ്റിലെ താമസക്കാരുടെ ഭാഗത്തുനിന്നു പൊതു അച്ചടക്കം ലംഘിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതിനാലാണ് നോട്ടിസ് പതിച്ചതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 

സിവില്‍ സര്‍വീസ് ഉള്‍പ്പെടെ ഉന്നതപഠനം നടത്തുന്നവരും ജോലിക്കാരുമാണു വാടകയ്ക്കു നൽകിയിട്ടുളള ആറ് ഫ്ളാറ്റുകളിലുളളത്. ഈ ഫ്ളാറ്റ് സമുച്ചയം കുടുംബമായി താമസിക്കുന്നവര്‍ക്കുള്ളതാണെന്നാണു മൂന്നാം തീയതി നൽകിയ നോട്ടിസിലുളളത്. കുടുംബമായിട്ടല്ലാതെ താമസിക്കുന്നവരുടെ ഫ്ളാറ്റുകളില്‍ രാത്രിയായാലും പകലായാലും എതിര്‍ ലിംഗത്തില്‍പ്പെട്ടവർ വരരുത്.

താഴത്തെ നിലയിലെ പൊതുവിടത്തില്‍ വച്ച് സംസാരിക്കണം. മാതാപിതാക്കളുടേയോ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തണം. വാച്ച്മാനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടാല്‍ പൊലീസിനെയും മാതാപിതാക്കളെയും അറിയിക്കുമെന്നും നോട്ടിസിലുണ്ട്. 

അവിവാഹിതരോടു രണ്ടുമാസത്തിനുളളില്‍ ഫ്ളാറ്റ് ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ദേശമുണ്ടെന്നു സ്ഥിരീകരിച്ച സെക്രട്ടറി ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷന്റെ പൊതു തീരുമാനമാണിതെന്നാണ് വിശദീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News