ഓൾ ഈസ് വെല്‍, സീ യൂ സൂൺ: പ്രതികരിച്ച് സഞ്ജു, കമന്റുമായി ക്യാപ്റ്റൻ പാണ്ഡ്യ

മുംബൈ: പരുക്കേറ്റതിനെ തുടർന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്നു പുറത്തായിരുന്നു. മുംബൈയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിനിടെയാണു താരത്തിനു പരുക്കേറ്റത്. പരമ്പരയിൽ ബാക്കിയുള്ള രണ്ടു മത്സരങ്ങളും സഞ്ജുവിനു നഷ്ടമാകും. ഇപ്പോഴിതാ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചിരിക്കുകയാണ് സഞ്ജു.

‘‘ ഓൾ ഈസ് വെല്‍, സീ യൂ സൂൺ’’ എന്നാണു സ്വന്തം ചിത്രത്തോടൊപ്പം സഞ്ജു ഇൻസ്റ്റയിൽ കുറിച്ചത്. താരത്തിനു പിന്തുണയുമായി ട്വന്റി20 ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെത്തിയിട്ടുണ്ട്. സഞ്ജുവിന്റെ ചിത്രത്തിന് ലവ് ഇമോജിയിട്ടാണു ഹാർദിക് പ്രതികരിച്ചത്. എത്രയും പെട്ടെന്ന് പരുക്കു മാറട്ടെയെന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും കുറിച്ചു. സിനിമാ താരം കുഞ്ചാക്കോ ബോബൻ ‘‘ശക്തമായി തിരിച്ചുവരൂ’’ എന്നും കമന്റ് ചെയ്തിട്ടുണ്ട്.

കാൽമുട്ടിനു പരുക്കേറ്റ സഞ്ജുവിനോടു സ്കാനിങ്ങിനും പരിശോധനകൾക്കുമായി മുംബൈയി‍ൽത്തന്നെ തുടരാൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയില്‍ നടന്ന ആദ്യ ട്വന്റി20യിൽ സഞ്ജുവിനു ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. ആറു പന്തുകൾ നേരിട്ട താരം അഞ്ച് റണ്‍സ് മാത്രമെടുത്തു പുറത്തായി.

പരുക്കേറ്റ സാഹചര്യത്തിൽ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ഇനി എന്നു താരം കളിക്കാനിറങ്ങുമെന്നും വ്യക്തതയില്ല. കേരള ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു. സഞ്ജു സാംസന്റെ അഭാവത്തിൽ സിജോമോൻ ജോസഫാണ് രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തെ നയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News