ശരീര ഭാരം കുറച്ചത് പ്രകൃതി ചികിത്സയിലൂടെ, രണ്ട് മാസം കൊണ്ട് കുറഞ്ഞത് 15 കിലോ, നിവിന്റെ മാറ്റത്തിന് പിന്നിൽ
കൊച്ചി:സെലിബ്രിറ്റികൾ സോഷ്യൽമീഡിയയിൽ എപ്പോഴും സജീവമാണ്. അതിപ്പോൾ അവർ തന്നെ പങ്കുവെക്കുന്ന ഫോട്ടോകളിലൂടെയോ വീഡിയോകളിലൂടെയോ മാത്രം ആയിരിക്കണമെന്നില്ല.
യുട്യൂബ് ചാനലുകൾ കൂണുപോലെ ദിനംപ്രതി മുളച്ചുപൊങ്ങുന്നതിനാൽ സെലിബ്രിറ്റികൾ എവിടെ പോയാലും അവരുടെ ദൃശ്യങ്ങളും ഫോട്ടോയും പകർത്താൻ പാപ്പരാസികൾ എപ്പോഴും ചുറ്റുമുണ്ടാകും. അതിനാൽ തന്നെ അവരുടെ രൂപത്തിലും ഭാവത്തിലുമുള്ള ഓരോ മാറ്റങ്ങളും പെട്ടന്ന് തന്നെ തിരിച്ചറിയാനും മനസിലാക്കാനും ആരാധകർക്ക് സാധിക്കും.
പിന്നീട് സെലിബ്രിറ്റകൾക്ക് വരുന്ന കമന്റുകളിൽ പോലും അവരെ പ്രേക്ഷകർ എത്രത്തോളം നിരീക്ഷിക്കുന്നുണ്ടെന്നത് വ്യക്തമാകുകയും ചെയ്യും. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ ഒരുപാട് ആരാധകരുള്ള യുവ നടനാണ് നിവിൻ പോളി.
തട്ടത്തിൽ മറയത്ത്, പ്രേമം, നേരം തുടങ്ങിയ സിനിമകൾ റിലീസ് ചെയ്ത ശേഷം നിവിന് ആരാധികമാരായിരുന്നു കൂടുതൽ.
മുപ്പത്തിയെട്ടുകാരനായ നിവിൻ പോളി ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ചെയ്തിട്ടുള്ള സിനിമകളിൽ ഏറെയും സീരിയസ് സബ്ജക്ടുകളാണ്. മാത്രമല്ല ശരീര ഭാരവും വർധിച്ചതിനാൽ തന്റെ രൂപത്തിന് ചേർന്ന തരത്തിലുള്ള വേഷങ്ങളാണ് നിവിൻ പിന്നീട് അങ്ങോട്ട് ചെയ്തത്.
നിവിന്റെ അതെ പ്രായക്കാരായ ദുൽഖർ സൽമാൻ, ആസിഫ് അലി തുടങ്ങിയവരൊന്നും ചെയ്യുന്ന തരത്തിലുള്ള വേഷങ്ങൾ നിവിൻ ചെയ്യാതെയായതും ആരാധകരിൽ നിരാശയുണർത്തിയിരുന്നു.
പഴയ നിവിനെ ഇനി തിരിച്ചുകിട്ടിലെയെന്ന് വരെ പലരും കമന്റുകളിലൂടെയും മറ്റും ചോദിക്കാറുമുണ്ടായിരുന്നു. ചിലർ നിവിന്റെ ശരീര ഭാരത്തെ പരിഹസിക്കുകയും ചെയ്തിരുന്നു.
സിനിമയോടുള്ള പാഷൻ നഷ്ടപ്പെട്ടത് കൊണ്ടാണ് ശരീരം ശ്രദ്ധിക്കാതെ നിവിൻ ഇത്തരത്തിൽ വണ്ണം വെച്ചത് എന്നായിരുന്നു ചിലരുടെ കണ്ടെത്തൽ.
മഹാവീര്യർ, പടവെട്ട് എന്നിവയുടെ പ്രമോഷന് നിവിൻ എത്തിയപ്പോഴും വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ് കമന്റുകൾ നിവിന് കേൾക്കേണ്ടി വന്നിരുന്നു.
എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് പഴയ തട്ടത്തിൻ മറയത്തിലെ വിനോദിന്റെ ലുക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നിവിൻ പോളി ഇപ്പോൾ. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ട്രോളുകളുമാണ്.
താരങ്ങൾ വരെ നിവിന്റെ മാറ്റം കണ്ട് അതിശയിച്ച് കൈയ്യടിക്കുകയാണ്. പലരും ശരീര ഭാരം ഒരു വർഷമൊക്കെ എടുത്താണ് കുറയ്ക്കുന്നത്. എന്നാൽ നിവിൻ വെറും രണ്ട് മാസം കൊണ്ടാണ് പതിനഞ്ച് കിലോ കുറച്ചത്.
എങ്ങനെ നിവിൻ ഇത്രവേഗം ഈ രൂപ മാറ്റത്തിലേക്ക് എത്തിയെന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. പ്രകൃതി ചികിത്സയാണ് നിവിനെ ഈ ട്രാൻസ്ഫോർമേഷന് സഹായിച്ചത് എന്നാണ് റിപ്പോർട്ട്. കൊല്ലത്താണ് നിവിൻ പ്രകൃതി ചികിത്സ നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
ന്യൂഇയർ ആഘോഷിക്കാൻ ദുബായിൽ എത്തിയപ്പോഴാണ് നിവിന്റെ പുതിയ ലുക്ക് സോഷ്യൽമീഡിയയിൽ വൈറലായത്. താരത്തിന്റെ സുഹൃത്ത് അജു വർഗീസും നിവിന്റെ പഴയ രൂപവും പുതിയ ലുക്കും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിലാണ് നിവിൻ ഇനി അഭിനയിക്കുക. സിനിമയുടെ ഷൂട്ടിങ് വിദേശത്തായിരിക്കും. 2019ൽ ഇറങ്ങിയ മിഖായേൽ എന്ന ചിത്രത്തിന് ശേഷം ഹനീഫും നിവിനും വീണ്ടും ഒന്നിക്കുന്നുയെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.
എന്നാൽ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ലവ് ആക്ഷൻ ഡ്രാമ മുതൽ ഏറ്റവും അവസാനമായി തിയേറ്ററുകളിൽ എത്തിയ സാറ്റർഡെ നൈറ്റിൽ വരെ താരത്തിന്റെ വണ്ണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
അതേസമയം 2022 താരത്തിന് തീർത്തും നിരാശയാണ് സമ്മാനിച്ചത്. തിയേറ്ററുകളിൽ എത്തിയ നിവിൻ പോളിയുടെ മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവെച്ചില്ല.