തിരുവനന്തപുരം:ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് സമ്മാനത്തിന്റെ വലുപ്പം കൊണ്ട് തന്നെ വന്‍ സംസാരവിഷയമായി മാറിയിരിയ്ക്കുകയാണ്.രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന ഭാഗ്യക്കുറിയുടെ ടിക്കറ്റ് വിൽപന ഇതിനകം പുതിയ റെക്കോഡുകൾ സൃഷ്ടിച്ചത് തന്നെ ആവേശത്തിന്റെ ചൂണ്ടുപലകയാകുന്നു.പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇത്തവണത്തെ ഓണം ബമ്പറിന്റെ 75.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. മൊത്തം ടിക്കറ്റ് വരുമാനം 377.50 കോടി രൂപ കവിഞ്ഞു. എന്നിരുന്നാലും ഓണം ബമ്പർ സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ അറ്റാദായത്തേക്കാൾ പ്രത്യക്ഷത്തിൽ യാതൊരു റോളുമില്ലാത്തെ കേന്ദ്രസർക്കാരിനാണെന്നത് ശ്രദ്ധേയമാകുന്നു.
ലോട്ടറി ടിക്കറ്റിൽ നിന്നുള്ള ജിഎസ്ടിയുടെ വിഹിതം, ജേതാക്കൾക്ക് നൽകുന്ന 10,000 രൂപയുടെ മുകളിലുള്ള സമ്മാനത്തുകയിൽ നിന്നും 30 ശതമാനം ടിഡിഎസ് (TDS), 50 ലക്ഷത്തിന് മുകളിലുള്ള സമ്മാനത്തുകയ്ക്ക്, ജേതാവിന്റെ ആദായ നികുതി സ്ലാബിന് വിധേയമായി സർചാർജും സെസും നൽകേണ്ടിവരും. ബമ്പർ ജേതാവിനെ സംബന്ധിച്ചിടത്തോളം സർചാർജ് 37 ശതമാനവും സെസ് 4 ശതമാനവുമായിരിക്കും. ചുരുക്കത്തിൽ ഓണം ബമ്പറിന്റെ ഒന്നാം സമ്മാന ജേതാവിൽ നിന്നുമാത്രം 10.37 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിക്കുന്നു.
സമാനമായി രണ്ടാം സമ്മാനക്കാരിൽ നിന്നും (ഒരുകോടി വീതം 20 പേർക്ക്) ആകെ 6.78 കോടി രൂപയും മൂന്നാം സമ്മാനക്കാരിൽ നിന്നും (50 ലക്ഷം വീതം 20 പേർക്ക്) മൊത്തം 3 കോടി രൂപയും നാലാം സമ്മാനക്കാരിൽ നിന്നും (5 ലക്ഷം 10 പേർക്ക്) 15 ലക്ഷം രൂപയും അഞ്ചാം സമ്മാനക്കാരിൽ നിന്നും (രണ്ടുലക്ഷം വീതം 10 പേർക്ക്) ആകെ 6 ലക്ഷവും കേന്ദ്ര ഖജനാവിലേക്ക് എത്തിച്ചേരും. അതായത്, ആദ്യത്തെ അഞ്ച് ലോട്ടറി സമ്മാന ജേതാക്കളിൽ നിന്നുമാത്രം കേന്ദ്രസർക്കാരിന്റെ വരുമാനം 20.36 കോടിയെന്ന് ചുരുക്കം.
ഇതിനു പുറമെ 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാന ജേതാക്കളിൽ നിന്നുള്ള 30 ശതമാനം ടിഡിഎസ് കൂടി ചേരുമ്പോൾ ഓണം ബമ്പറിൽ നിന്നുള്ള കേന്ദ്രസർക്കാരിന്റെ നികുതി വരുമാനം ഇനിയും ഉയരും. വിൽപന ഇനിയും പൂർത്തിയാകാത്തതിനാൽ അന്തിമ കണക്കുകളിൽ മാറ്റം വരാമെന്നുള്ളതിനാലാണ് ഇതു ലേഖനത്തിൽ നിന്നും ഒഴിവാക്കുന്നത്. അതേസമയം ജിഎസ്ടി വിഹിതം കൂടി ലഭിക്കുമ്പോൾ, ഓണം ബമ്പർ നേരിട്ട് നടത്തിയ കേരള സർക്കാരിന്റെ ലാഭത്തേക്കാൾ അധികം വരുമാനം കേന്ദ്രസർക്കാരിലേക്ക് വന്നുചേരും.
ലോട്ടറി ടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. ടിക്കറ്റ് വിലയിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് 500 രൂപയ്ക്കാണ് വിൽക്കുന്നതെങ്കിലും ഓണം ബമ്പർ ടിക്കറ്റിന്റെ യഥാർത്ഥ വില 390.63 രൂപയാണെന്ന് സാരം. ബുധനാഴ്ച രാവിലെ വരെ വിറ്റുപോയത് 75.5 ലക്ഷം ടിക്കറ്റുകൾ. അങ്ങനെ നോക്കുമ്പോൾ, ഓണം ബമ്പറിൽ നിന്നും ഇതുവരെയുള്ള മൊത്തം ജിഎസ്ടി വരുമാനം 82.77 കോടി രൂപയാകുന്നു. ഇതിൽ നിന്നും പകുതി വീതം ഇരു സർക്കാരുകളും പങ്കിടും. അതായത്, ജിഎസ്ടി ഇനത്തിൽ കേന്ദ്രസർക്കാരിന് ചുരുങ്ങിയത് 41.39 കോടി ഇതിനകം ലഭിച്ചുവെന്ന് സാരം.
ലോട്ടറി ജേതാക്കളിൽ നിന്നും പിടിക്കുന്ന ടിഡിഎസും മറ്റ് ആദായ നികുതിയും ജിഎസ്ടി വിഹിതവും ചേരുമ്പോൾ കേന്ദ്രസർക്കാരിന് ഇത്തവണത്തെ ഓണം ബമ്പറിൽ നിന്നും ചുരുങ്ങിയത് 61.75 കോടി രൂപ ലഭിക്കും. ടിഡിഎസ് ഇനത്തിൽ ചുരുങ്ങിയത് 20.36 കോടിയും ജിഎസ്ടി വിഹിതമായി ഇതുവരെ നേടിയ 41.39 കോടിയും മാത്രം ചേർത്തുള്ള തുകയാണിത്.
ജിഎസ്ടിയും ടിക്കറ്റ് വിൽക്കുമ്പോൾ ഏജൻസിക്ക് കൈമാറുന്ന മാർജിനും (ഏകേദശം 100 രൂപ) ഒഴിവാക്കിയശേഷം ഓണം ബമ്പറിൽ നിന്നുള്ള അസൽ ടിക്കറ്റ് വരുമാനമെന്ന നിലയിൽ കേരള സർക്കാരിലേക്ക് ഇതുവരെ എത്തിച്ചേർന്നിട്ടുള്ളത് ഏകദേശം 219 കോടി രൂപയാകും. ഇത്തവണ ഭാഗ്യക്കുറിയുടെ സമ്മാനഘടന പരിഷ്കരിച്ചതിനാൽ വിതരണം ചെയ്യുന്ന ആകെ സമ്മാനത്തുക 125.50 കോടി രൂപയായി വർധിച്ചിട്ടുണ്ട്. ഇതും ലോട്ടറി വിൽക്കുന്നതിനുള്ള മറ്റ് ഇൻസെന്റീവുകളും ടിക്കറ്റ് പ്രിന്റിങ്ങിനുള്ള ചെലവും അന്യഭാഷയിൽ ഉൾപ്പെടെ പരസ്യത്തിന് നകിയതും വിതരണത്തിനായി ടിക്കറ്റ് എത്തിക്കുന്നതിന്റെ ലോജിസ്റ്റിക്സ് ചെലവുകളും കൂടി കിഴിച്ചാൽ കേരള സർക്കാരിന് ഇത്തവണത്തെ തിരുവോണം ബമ്പർ നടത്തിപ്പിൽ നിന്നും ലഭിക്കാവുന്ന അറ്റാദായം പരമാവധി 50 കോടിയിൽ താഴെയാകാനാണ് എല്ലാ സാധ്യതയും.