26.7 C
Kottayam
Friday, May 10, 2024

ദിലീപിന് കുരുക്ക്, അപ്രതീക്ഷിത കച്ചിത്തുരുമ്പിൽ പിടിച്ചുകയറാനൊരുങ്ങി അന്വേഷണ സംഘം

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പില്‍ പിടിച്ച്‌ കയറാന്‍ ശ്രമിക്കുകയാണ് അന്വേഷണ സംഘം.

സിനിമ ലോകത്തെ ഉള്‍പ്പെടെ ഞെട്ടിച്ചുകൊണ്ടാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസില്‍ ദിലീപിനെതിരെ രംഗത്തെത്തിയത്. സംവിധായകന്റെ വെളിപ്പെടുത്തലില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും.

ആരോപണം ഗൗരവതരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മുഖ്യമന്ത്രിക്കും അന്വേഷണ സംഘത്തിനും ബാലചന്ദ്ര കുമാര്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം തേടും. അതേസമയം കേരള പൊലീസിലെ ആക്ഷന്‍ ഹീറോ എന്ന വിളിപ്പേരുള്ള ബൈജു പൗലോസ് വീണ്ടും ഈ കേസ് അന്വേഷണത്തിന് എത്താനുള്ള സാധ്യതയും ഏറുകയാണ്. നേരത്തെ പെരുമ്ബാവൂര്‍ സിഐ ആയിരിക്കെ ഇദ്ദേഹമാണ് ഈ കേസ് അന്വേഷിച്ചത്.

വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂട്ടംകൂട്ടമായി കൂറു മാറുമ്ബോള്‍ ഈ വെളിപ്പെടുത്തലുകള്‍ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍. എന്നാല്‍ ആ കുറ്റകൃത്യത്തില്‍ ദിലീപിന് പങ്കുള്ളതായി തെളിയിക്കാനുള്ളതൊന്നും വെളിപ്പെടുത്തലുകളില്‍ ഇല്ല.

നടിയെ ആക്രമിച്ച്‌ പീഡിപ്പിക്കുന്ന വീഡിയോ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ദിലീപ് കണ്ടെന്ന് വെളിപ്പെടുത്തലുണ്ട്. ഈ ദൃശ്യങ്ങള്‍ എങ്ങനെ ദിലീപിന് കിട്ടിയെന്നത് കേസില്‍ നിര്‍ണ്ണായകമാകും. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍. ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ പരാതികളില്‍ പൊലീസ് ഉടന്‍ നിയമോപദേശം തേടും. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ പുനരന്വേഷണ സാധ്യതയാണ് പരിശോധിക്കുക.

ഈ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്റെ കൈകളില്‍ എത്തിയെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് അന്വേഷണഘട്ടത്തില്‍ തന്നെ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രധാന സാക്ഷി സാഗറിനെ സ്വാധീനിച്ച മൊഴിമാറ്റിയെന്ന് സ്ഥിരീകരിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെയാണ് കഴിഞ്ഞ മാസം 25 ന് ബാലചന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ദിലീപുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റും മറ്റു ചില നിര്‍ണായക തെളിവുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. അതേസമയം ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയ വിഐപി , കേസിലെ സ്ത്രീസാന്നിദ്ധ്യം ഉള്‍പ്പെടെ അന്വേഷിച്ച്‌ കണ്ടെത്തുക അസാധ്യമാണ്. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് സൂക്ഷിച്ച രഹസ്യായുധമാണ് ബാലചന്ദ്രകുമാറെന്ന സംശയവും ബലപ്പെടുന്നുണ്ട്. ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിന്റെ വീട്ടിലുള്ള സംഭാഷണങ്ങള്‍ ബാലചന്ദ്രകുമാര്‍ റിക്കോര്‍ഡ് ചെയ്തിരുന്നത് പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന വിലയിരുത്തല്‍ സജീവമാണ്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചിരുന്നത്. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതിന് താന്‍ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകര്‍പ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

നടി ആക്രമിക്കുന്നതിന് മുമ്ബും പിമ്ബും ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാറിന് നല്ല സ്വാധീനമുണ്ടായിരുന്നു. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആ വീട്ടില്‍ നടന്ന പല സംഭാഷണങ്ങളും ബാലചന്ദ്രകുമാര്‍ റിക്കോര്‍ഡ് ചെയ്തിരുന്നുവെന്നാണ് പുറത്തു വരുന്ന ഓഡിയോ തെളിയിക്കുന്നത്. ഇത് എന്തനായിരുന്നുവെന്ന സംശയമാണ് ഈ ഘട്ടത്തില്‍ സജീവമാകുന്നത്. വീട്ടിലെ രഹസ്യങ്ങള്‍ കൃത്യമായി പുറത്തെത്തിക്കുകയെന്ന ഉദ്ദേശം ഈ റിക്കോര്‍ഡിങ്ങിനുണ്ടായിരുന്നിരിക്കാം. എങ്കില്‍ അതിന് പിന്നില്‍ ആരാണെന്ന് ആര്‍ക്കും ഉറപ്പില്ല. വിശ്വസ്തനായി ദിലീപിന്റെ വീട്ടില്‍ നിന്നൊരാള്‍ ഈ ‘ചതി’ ചെയ്തത് എന്തിനാണെന്ന സംശയം സിനിമാ ലോകത്തും സജീവമാണ്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ എത്തിയ ഞെട്ടലിലാണ് സിനിമ ലോകം. സിനിമയില്‍ അത്രയേറെ അറിയപ്പെടാത്ത സംവിധായകനാണ് ബാലചന്ദ്രകുമാര്‍. കൗബോയ് എന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. പിന്നീട് പല ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. മോഹന്‍ലാലിനെ നായകനാക്കി സ്‌പെഷ്യലിസ്റ്റ് എന്ന ചിത്രം 2014ല്‍ പ്രഖ്യാപിച്ചു. അതും പാളി. പിന്നീടാണ് പിക്ക് പോക്കറ്റ് കഥയുമായി ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലെത്തുന്നത്. ദിലീപിന്റെ അളിയന്റെ തിരക്കഥാ മോഹം ബാലചന്ദ്രകുമാറിനെ വീട്ടിലെ അടുപ്പക്കാരനുമാക്കി. ഇതാണ് പുതിയ വെളിപ്പെടുത്തലിനേയും ശ്രദ്ധാകേന്ദ്രമാക്കുന്നത്.

ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതിന് താന്‍ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകര്‍പ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ വിഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി. ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്. ‘പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍’ കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിയിരിക്കുകയാണ് ഉണ്ടായതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ഇതിനു പിന്നാലെ വേറെയും ശബ്ദ രേഖകള്‍ പുറത്തുവന്നിരുന്നു. ബാലചന്ദ്ര കുമാറിന്റെ സാന്നിധ്യത്തില്‍ ആലുവയിലെ വസതിയില്‍ നടന്ന ചില ചര്‍ച്ചകളുടെ റെക്കോര്‍ഡുകളാണ് പുറത്ത് വന്നിരിക്കുന്നതാണ് റിപ്പോര്‍ട്ടര്‍ ടിവി അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണ സാധ്യതകള്‍ പ്രോസിക്യൂഷന്‍ തേടുന്നുണ്ട്.

നടിയെ അക്രമിച്ച കേസില്‍ ഒരു സ്ത്രീക്ക് കൂടി നിര്‍ണ്ണായക പങ്കുണ്ടെന്ന തരത്തിലുള്ള തെളിവുകളാണ് പുറത്ത് വന്നത്. ‘ബൈജു ഭായി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. ഈ ചര്‍ച്ച നടന്ന അതേ ദിവസം തന്നെയാണ് നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈകകളില്‍ ഒരു വി ഐ ബി എത്തിച്ചതെന്നായിരുന്നു സംവിധായകന്‍ വെളിപ്പെടുത്തിയത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് സുരാജ് തുടങ്ങിയവും അന്ന് ആലുവയിലെ വസതിയിലുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ടര്‍ ഓഡിയോ പുറത്ത് വിട്ടുകൊണ്ട് വ്യക്തമാക്കുന്നുണ്ട്.

ഒരു ദിവസത്തെ പല സംഭാഷണങ്ങളില്‍ ചിലതാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകള്‍ കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്രമത്തിന് വേണ്ടി നടത്തിയ പണമിടപാടുകളെ കുറിച്ചാണ് രണ്ടാമത്തെ റെക്കോര്‍ഡറിലുള്ളത്. പള്‍സര്‍ സുനിക്ക് ഒന്നരക്കോടി കൊടുക്കുമായിരുന്നവെന്നാണ് ഇതില്‍ പറയുന്നത്. അതുപോലെ തന്നെ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെന്ന തരത്തില്‍ അനൂപ് സംസാരിക്കുന്നതായും റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയുമ്ബോള്‍ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു’- റിപ്പോര്‍ട്ടര്‍ ലേഖന്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ തന്നെയാണ് ഈ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ഇതിന്റെ കോപ്പികള്‍ ഇതിനോടകം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൈമാറിയിട്ടുണ്ട്.

മൂന്നാമതായി പുറത്ത് വിട്ട ശബ്ദരേഖയില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ് പള്‍സര്‍ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുന്നതാണ് കേള്‍ക്കാന്‍ കഴിയുന്നത്. ‘കൈയില്‍ അഞ്ചിന്റെ പൈസ ദിലീപിന്റെ ചെലവില്‍ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്നാണ് റെക്കോര്‍ഡറില്‍ പറയുന്നത്. ദിലീപ് ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ ആത്മവിശ്വാസത്തോടെ പറയുന്നതാണ് നാലാമത്തെ ശബ്ദ സംഭാഷണങ്ങള്‍. കേസുമായി ബന്ധപ്പെട്ട് 84 ദിവസം റിമാന്‍ഡില്‍ കിടന്ന് പുറത്ത് വന്നതിന് ശേഷമാണ് ഈ സംഭാഷണങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സംഭാഷണങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു.

അതേസമയം കേസിലെ ആരോപണങ്ങളോട് പ്രതികരിച്ച്‌ ദിലീപും രംഗത്തെത്തി. പലതും പറയാന്‍ കഴിയാത്ത അവസ്ഥയാണ് തനിക്കെന്ന് ദിലീപ് പറഞ്ഞു. ജാമ്യവ്യവസ്ഥയുള്ളതു കൊണ്ടുതന്നെ സത്യം എന്താണെന്ന് പ്രേക്ഷകരോട് വെളിപ്പെടുത്താന്‍ തനിക്ക് കഴിയുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ടെന്നായിരുന്നു ചന്ദ്രകുമാറിന്റെ ആരോപണം. ദിലീപിന്റെ വീട്ടില്‍ വച്ച്‌ സുനിയെ താന്‍ കണ്ടിട്ടുണ്ടെന്നും ചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. ഇതിനോടാണ് ദിലീപ് പ്രതികരിച്ചത്.

‘എന്റെ ഇപ്പോഴത്തെ അവസ്ഥയറിയാല്ലോ? ബെയിലും കാര്യങ്ങളുമൊക്കെയുള്ളതുകൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റില്‍ വന്നിരിക്കാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല. അതിനൊന്നുമുള്ള അനുമതി എനിക്കില്ല. അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്ബോഴും എനിക്കൊന്നും പ്രതികരിക്കാന്‍ കഴിയാത്തത്. എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്. ഇതൊക്കെ ഫേസ് ചെയ്തു പോവുക എന്നല്ലാതെ ഞാന്‍ എന്താണ് ചെയ്യുക. എന്നാലും ഞാന്‍ ഹാപ്പിയാണ്. ദൈവം അനുഗ്രഹിച്ച്‌ നമ്മളെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ കൂടെയുള്ളപ്പോള്‍ ഞാന്‍ ഹാപ്പിയാണ്’- ദിലീപ് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ വീണ്ടും ഹൈക്കോടതിയില്‍. ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. എന്നാല്‍ വിചാരണ കോടതി ഈ ആവശ്യം പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി എതിര്‍ത്തതോടെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

16 പേരുടെ പട്ടികയില്‍ ഏഴുപേര്‍ നേരത്തെ സാക്ഷി പറഞ്ഞതാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ട് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്ബത് പേരില്‍ നിന്നും വീണ്ടും വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആര്‍ അടിസ്ഥാനമാക്കിയുള്ള നിര്‍ണ്ണായക തെളിവുകള്‍ അപ്രസക്തമായെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളില്‍ അതൃപ്തിയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കോടതി നടപടിയില്‍ പ്രതിഷേധിച്ച്‌ മുന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അഡ്വ.വി.എന്‍.അനില്‍ കുമാറിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. മുന്‍ സിബിഐ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു അനില്‍ കുമാര്‍. മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു പുതിയ നിയമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week