കൊച്ചി: അപ്രതീക്ഷിതമായി ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തിയപ്പോൾ ഇന്നലെ പലരും ഞെട്ടി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ തുകയാണെന്ന് തെറ്റിദ്ധരിച്ചവരും നിരവധി. വാസ്തവം തേടി ബാങ്കുകളിലേക്ക് ഫോൺവിളി എത്തിയപ്പോഴാണ് ജീവനക്കാർ പോലും വിവരം അറിഞ്ഞത്. അക്കൗണ്ട് ഉടമകളിൽ നിന്ന് അധികമായി പിരിച്ച ഫീ ബാങ്കുകൾ തിരിച്ചുനൽകിയതായിരുന്നു സംഗതി.
മൂന്നു മാസക്കാലയളവിലെ ബാങ്ക് ഇടപാടുകൾ നിശ്ചിത പരിധി കവിഞ്ഞാൽ ബാങ്കുകൾ ഫീ ഈടാക്കാറുണ്ട്. യു.പി.ഐ ഇടപാടുകളെയും ബാങ്ക് ഇടപാടുകളായി പരിഗണിച്ച് വാണിജ്യ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഇത്തരത്തിൽ ഫീ പിരിച്ചിരുന്നു. എന്നാൽ, യു.പി.ഐ വഴി നടത്തിയ പേയ്മെന്റുകൾ ബാങ്ക് ഇടപാടുകളായി കണക്കാക്കരുതെന്ന് റിസർവ് ബാങ്ക് ഈയിടെ നിർദ്ദേശിച്ചു.
തുടർന്ന് പല ബാങ്കുകളും ഈടാക്കിയ ഫീ തിരിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. മാസാവസാനം അപ്രതീക്ഷിതമായി വലിയ തുക അക്കൗണ്ടിൽ എത്തിയതോടെയാണ് പലരും ഇക്കാര്യം അറിഞ്ഞത്. സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്ക് ഇന്നലെ നൂറ് രൂപ മുതൽ ആയിരങ്ങൾ വരെ ലഭിച്ചു. പൊതു, സ്വകാര്യ ബാങ്കുകളും വരും ദിവസങ്ങളിൽ ഈ തുക തിരിച്ചുനൽകുമെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറഞ്ഞു.
യു.പി.ഐ പേയ്മെന്റുകളെ ബാങ്ക് ഇടപാടുകളായി കണക്കാക്കാൻ കഴിയില്ലെന്ന റിസർവ് ബാങ്ക് നിർദ്ദേശം ഈ മേഖലയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കും. ഇതോടെ യു.പി.ഐ ഇടപാടുകൾ പൂർണമായും സൗജന്യമാകും. ജനുവരി ഒന്ന് മുതൽ യു.പി.ഐ ഇടപാടുകളിൽ റിസർവ് ബാങ്ക് കൊണ്ടുവന്ന മാറ്റങ്ങളാണ് ഉപഭോക്താക്കൾക്ക് അനുഗ്രഹമാകുന്നത്.