ചെന്നൈ: 543 മണ്ഡലങ്ങളിലേയും വോട്ടെടുപ്പ് പൂർത്തിയായതോടെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങി. ഇന്ത്യാടുഡെ-ആക്സിസ് മൈഇന്ത്യ എക്സിറ്റ് പോള്‍ പ്രവചന പ്രകാരം തമിഴ്നാട്ടില്‍ ഇത്തവണയും ഇന്ത്യ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കും. എന്നാല്‍ അത് കഴിഞ്ഞ തവണത്തേത് പോലെ ഏക പക്ഷീയമായിരിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. സംസ്ഥാനത്ത് വലിയ മുന്നേറ്റ മുണ്ടാക്കാന്‍ പോകുന്ന ഒരു പാർട്ടി ബി ജെ പി ആയിരിക്കുമെന്നാണ് ഇന്ത്യാടുഡെ-ആക്സിസ് മൈഇന്ത്യ സർവ്വെ പറയുന്നത്.
ഇന്ത്യാടുഡെ-ആക്സിസ് മൈഇന്ത്യ സർവ്വേ പ്രകാരം സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളില്‍ ഇന്ത്യ സഖ്യത്തിന് 33 മുതല്‍ 37 വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. എ ഐ എ ഡി എം കെ പൂജ്യം മുതല്‍ 2 വരെ സീറ്റുകള്‍ നേടിയേക്കാം. ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ വിജയ സാധ്യത 2 മുതല്‍ 4 വരെ സീറ്റിലാണ്. ഇന്ത്യാ സഖ്യത്തില്‍ ഡി എം കെ 22 വരെ സീറ്റിലും കോണ്‍ഗ്രസ് ആറ് മുതല്‍ എട്ട് സീറ്റിലും വിജയിച്ചേക്കാമെന്നും സർവ്വെ വ്യക്തമാക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന തീരുമാനം കോൺഗ്രസ് പിൻവലിച്ചു. ഇന്ത്യാ മുന്നണിയുടെ ഡൽഹിയിൽ ചേർന്ന യോഗത്തിന് ശേഷമായിരുന്നു തീരുമാനം.
ചർച്ചയിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് പ്രതിപക്ഷ സഖ്യകക്ഷികളുടെ നിർണായക യോഗം ചേർന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 295 സീറ്റിലധികം നേടുമെന്ന് യോഗത്തിന് ശേഷം മല്ലികാർജുൻ ഖാർഗെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘വിവിധ പാർട്ടികൾ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് 295 സീറ്റ് നേടുമെന്ന് വിലയിരുത്തിയത്. സർക്കാർ സർവേയല്ല ഇത്. എൻഡിഎ 235 സീറ്റുകളിൽ കൂടുതൽ നേടില്ല. കൗണ്ടിംഗ് ദിനത്തിൽ ജാഗ്രത പാലിക്കണമെന്ന് പ്രവർത്തർക്ക് കർശന നിർദേശം നൽകും. ഇന്ത്യാ സഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണ്. ഐക്യത്തോടെയാണ് സഖ്യം മുന്നോട്ട് പോകുന്നത്’, ഖാർഗെ പറഞ്ഞു.
മമത ബാനർജിയും എംകെ സ്റ്റാലിനും യോഗത്തിൽ പങ്കെടുത്തില്ല. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് മമത മുൻകൂട്ടി അറിയിച്ചിരുന്നു. ഡിഎംകെയെ പ്രതിനിധീകരിച്ച് ടിആർ ബാലു യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യാ മുന്നണി യോഗം ചേരുന്നതിന്റെ വീഡിയോ ഖാർഗെ തന്നെയാണ് എക്സിൽ പങ്കുവച്ചത്.