ഭർത്താവിന് നാല് മാസം കൊണ്ട് ജോലിയില്ല; പോക്കറ്റ് മണിയൊക്കെ ഞാനാണ് ഇപ്പോ നൽകുന്നത്; എന്നിട്ടും സർപ്രൈസ് ​ഗിഫ്റ്റ്; വൈറലായി ഭാര്യയുടെ പോസ്റ്റ്

ഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, തൊഴിലില്ലാത്ത ഭർത്താവ് ഭാര്യക്ക് നൽകിയ സ്നേഹ സമ്മാനത്തിന്റെ ഹൃദയസ്പർശിയായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി. കഴിഞ്ഞ നാല് മാസമായി ഭർത്താവിന് ജോലിയില്ലാത്തതിനാൽ കുടുംബം കടുത്ത ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഈ സംഭവം.

ഒരു കോപ്പിറൈറ്ററായി വീട്ടിലിരുന്ന് ജോലി ചെയ്താണ് താൻ ഇപ്പോൾ കുടുംബം പുലർത്തുന്നതെന്നും, ഭർത്താവിന് സുഹൃത്തുക്കൾക്കിടയിൽ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ എല്ലാ മാസവും ഒരു ചെറിയ തുക പോക്കറ്റ് മണിയായി നൽകാറുണ്ടെന്നും യുവതി തന്റെ കുറിപ്പിൽ പറയുന്നു. ഈ പോക്കറ്റ് മണിയിൽ നിന്ന് മിച്ചം പിടിച്ച തുക ഉപയോഗിച്ചാണ് വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി ഭർത്താവ് ഭാര്യക്ക് ഒരു ചെറിയ പെൻഗ്വിൻ പാവയും ഒരു ചോക്ലേറ്റും സമ്മാനമായി നൽകിയത്.

“കഴിഞ്ഞ നാല് മാസങ്ങൾ ഞങ്ങൾക്ക് വളരെ കഠിനമായിരുന്നു. അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു, ഞങ്ങളുടെ സമ്പാദ്യം മുഴുവൻ തീർന്നു. ഈ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം എന്നെക്കുറിച്ച് ചിന്തിച്ചു എന്നത് വലിയ കാര്യമാണ്,” യുവതി കുറിച്ചു. മുൻപ് ധാരാളം വിദേശ യാത്രകൾ നടത്തിയിരുന്ന സമയമുണ്ടായിരുന്നെങ്കിലും, ആ ആർഭാടങ്ങളേക്കാൾ ഈ കൊച്ചു സമ്മാനം തന്നെ ഏറെ കരയിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. “ഈ മോശം സമയം കടന്നുപോകുമെന്ന് എനിക്കറിയാം” എന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

നിരവധി പേരാണ് ഈ ദമ്പതികളുടെ സ്നേഹത്തെയും പരസ്പരമുള്ള മനസിലാക്കലിനെയും അഭിനന്ദിച്ച് പോസ്റ്റിന് കീഴിൽ കമന്റുകൾ രേഖപ്പെടുത്തിയത്. “എല്ലാ പുരുഷന്മാർക്കും നിങ്ങളെപ്പോലൊരു ഭാര്യയെയും എല്ലാ സ്ത്രീകൾക്കും അദ്ദേഹത്തെപ്പോലൊരു ഭർത്താവിനെയും ലഭിക്കട്ടെ” എന്ന് ഒരാൾ ആശംസിച്ചു. സ്നേഹം നിലനിൽക്കുമെന്നും, ഭാവിയിലേക്കായി ഒരു എമർജൻസി ഫണ്ട് കരുതി വെക്കണമെന്നും മറ്റു ചിലർ ഉപദേശിക്കുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിലും പരസ്പരം താങ്ങും തണലുമാകുന്ന ബന്ധങ്ങളുടെ പ്രാധാന്യം ഈ സംഭവം അടിവരയിടുന്നു.

A heartwarming story about a simple gift from an unemployed husband to his wife has gone viral on social media. The husband, who has been without a job for the past four months, surprised his wife with a small penguin toy and a chocolate bought using the “pocket money” she gives him for his daily expenses.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News