എടത്വാ: വിവാഹ ശേഷം രണ്ട് വീടുകളിലേക്ക് പോകണമോയെന്ന ഇരട്ടപ്പെണ്‍കുട്ടികളുടെ (Twins Wedding) ആശങ്കയ്ക്ക് അവസാനം. തലവടി ഇലയനാട്ട് വീട്ടിൽ ഇ.എൻ പവിത്രന്റേയും സുമംഗലദേവിയുടേയും ഇരട്ട പെൺമക്കളായ പവിത്രയുടേയും സുചിത്രയും വിവാഹശേഷവും ഒരേ വീട്ടില്‍ തന്നെ താമസിക്കും. ഇത്ര നാളും ഒപ്പമുണ്ടായിരുന്ന സഹോദരിയെ പിരിയാന്‍ കഴിയില്ലെന്ന തീരുമാനമാണ് ഇരട്ടകളായ വരന്മാര്‍ക്ക് വേണ്ടി തിരയാന്‍ കാരണമായത്.
പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടിൽ മണിക്കുട്ടൻ, രഗ്നമ്മ ദമ്പതികളുടെ ഇരട്ട ആൺമക്കളായ അനുവും വിനുവുമാണ് ഇവരെ വിവാഹം ചെയ്തത്. തലവടി മഹാഗണപതി ക്ഷേത്ര നടയിൽ വെച്ച് ഇരുവരും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം. കുട്ടിക്കാലം മുതൽ ഒരുമിച്ച് ഉണ്ടും, ഉറങ്ങിയും കഴിഞ്ഞിരുന്ന പവിത്രയും സുമിത്രയും വിവാഹ ശേഷം ഒരു വീട്ടിൽ എത്തുന്ന ആശ്വാസത്തിലാണ്. പെൺമക്കളെ ഒരേ വീട്ടിലേക്ക് കൈപിടിച്ച് അയയ്ക്കുന്ന ആശ്വാസത്തിലാണ് പവിത്രയുടേയും സുചിത്രയുടേയും മാതാപിതാക്കളുമുള്ളത്.
ഇരട്ടകുട്ടികൾ ജനിക്കുന്നത് അത്ര അപൂർവ്വമായ ഒന്നല്ല, എന്നാൽ ഇരട്ട കുട്ടികൾ ഒരേ ദിവസം രണ്ട് കുരുന്നുകൾക്ക് ജന്മം നൽകുന്നത് അപൂർവ്വതയാണ്. കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയയും ശ്രീലക്ഷ്മിയുമാണ് കഴിഞ്ഞ നവംബർ 29ന് ഒരേ സമയം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് ശ്രീപ്രിയയുടെയും ശ്രീലക്ഷ്മിയുടെയും പെൺ കുഞ്ഞുങ്ങൾ ജനിച്ചത്. കോട്ടയം സ്വദേശികളായ ചന്ദ്രശേഖരന്റെയും അംബികയുടെയും മക്കളായി 1995 ഒക്ടോബർ 11നാണ് ശ്രീപ്രിയയും ശ്രീലക്ഷ്മിയും ജനിച്ചത്. ഇവരെ പരസ്പരം തിരിച്ചറിയാൻ പോലും ഏറെ പ്രയാസമായിരുന്നു.