കൊല്ലം: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ദൃശ്യമായി സൂര്യകളങ്കങ്ങള്‍. കൊല്ലം താന്നി കടപ്പുറത്താണ് ഇത്തവണ സൂര്യകളങ്കം ദൃശ്യമായത്. പല ഫോട്ടോഗ്രാഫര്‍മാരും, വാന നിരീക്ഷകരും സൂര്യകളങ്കം രേഖപ്പെടുത്തുന്ന തിരക്കിലാണ്.
സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ സംഭവിക്കുന്ന താത്കാലിക പ്രതിഭാസമാണ് സൂര്യകളങ്കം അഥവാ സണ്‍ സപോട്ട്. 11 വര്‍ഷങ്ങളുടെ ഇടവേളയിലാണ് ഇവ പ്രത്യക്ഷപ്പെടാറ്. ഇതിന് മുന്‍പ് 2011 ലായിരുന്നു സൂര്യകളങ്കങ്ങള്‍ ദൃശ്യമായത്. കളങ്കങ്ങള്‍ കാണുന്ന ഭാഗങ്ങളില്‍ സൗരേപരിതലത്തില്‍ തൊട്ടടുത്ത സ്ഥലങ്ങളെക്കാ ചൂടും പ്രകാശവും കുറവാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
സൂര്യകളങ്കങ്ങള്‍ സൗരകാന്ത മണ്ഡലവുമായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ഇത്തരത്തില്‍ സൂര്യകളങ്കങ്ങള്‍ ദൃശ്യമാകുന്നത് ദിവസങ്ങളോ അതുമല്ലെങ്കില്‍ ആഴ്ചകളോ നീണ്ടു നിന്നേക്കാം. ദിവസങ്ങള്‍ ചെല്ലുന്തോറും ഈ അടയാളങ്ങള്‍ക്ക് ക്ഷയം സംഭവിക്കും. ഒടുവില്‍ ഇവ അപ്രത്യക്ഷമാകും. 11 വര്‍ഷമാണ് ഇതിന്റെ ചാക്രിക കാലം എങ്കിലും ഇതിനിടയിലും സൂര്യകളങ്കങ്ങള്‍ ദൃശ്യമാകാറുണ്ട്.
നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ, ്മുന്‍കരുതലുകള്‍ ഇല്ലാതെയോ ഇത്തരം കളങ്കങ്ങള്‍ നിരീക്ഷിക്കുന്നത് അപകടകരമാണ്. അംഗൃകൃത സോളാര്‍ ഫില്‍ട്ടറുകള്‍ ഘടിപ്പിച്ച ടെലിസ്‌കോപ്പ് ഉപയോഗിച്ചേ സൂര്യകളങ്കങ്ങള്‍ നിരീക്ഷിക്കാവൂ. ക്യാമറ ഉപയോഗിച്ച് ചിത്രം പകര്‍ത്തുമ്പോഴും ശ്രദ്ധ വേണം. മുന്‍കരുതല്‍ ഇല്ലാതെ ക്യാമറ സൂര്യന് നേരെ പിടിച്ച് ഫോക്കസ് ചെയ്യുന്നത് കണ്ണിനും ക്യാമറയ്ക്കും അപകടമുണ്ടാക്കും.
സൂര്യനില്‍ നിന്നുള്ള പലതരം വികിരണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷ വായുമണ്ഡലത്തില്‍ പ്രതിപ്രവര്‍ത്തിക്കുന്നതിനാല്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും, ജിപിഎസ് ഉപകരണങ്ങളുടെയും പ്രവര്‍ത്തനത്തെ ഇവ ബാധിക്കാറുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ദൃശ്യമായിരിക്കുന്ന സൂര്യകളങ്കങ്ങള്‍ക്ക് എആര്‍ 2936 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.