തിരുവനന്തപുരം : പൊലീസിലെ ദുഷ്പ്രവണതക്കെതിരെ നിരന്തരമായി കലഹിച്ച സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.പൊലിസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്നു പരാജയപ്പെട്ടു. ഗുരുതരമായ അച്ചടക്കലംഘനം ,കൃത്യവിലോപം,
പെരുമാറ്റ ദൂഷ്യം എന്നീ ആരോപണങ്ങളാണ് അധികാരികൾ ഉമേഷിനെതിരെ ഉന്നയിക്കുന്നത്.
സേനയുടെയും സർക്കാറിന്റെയും അന്തസ്സിന് കളങ്കം ഉണ്ടാക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്ത ആൾ സേനയിൽ തുടർന്നാൽ പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുംഅതിനാൽ പിരിച്ചുവിടാനുള്ള താൽകാലിക തീരുമാനം സ്ഥിരപ്പെടുത്തുന്നു എന്നാണ് ഉത്തരവ്.
പിരിച്ചു വിടാൻ തീരുമാനിച്ചെന്നു പറഞ്ഞുകൊണ്ടുള്ള നോട്ടീസ് ഈ മാസമാദ്യം പൊലീസ് അധികാരികൾ ഉമേഷ് വള്ളിക്കുന്നിനു നൽകിയിരുന്നു.
ഏറെ നാളുകളായി ഇദ്ദേഹം സസ്പെൻഷനിൽ തുടരുകയാണ്. പൊലീസിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാണിച്ചതിനാണ് തനിക്ക് പിരിച്ചുവിടൽ നോട്ടീസ് ലഭിക്കുന്നതെന്ന് സിപിഒ ഉമേഷ് വള്ളിക്കുന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിരിച്ചു വിട്ടാൽ കോടതിയെ സമീപിക്കുമെന്നും ഉമേഷ് വള്ളിക്കുന്ന് വ്യക്തമാക്കി.
പിരിച്ചു വിടാൻ തീരുമാനിച്ചു എന്ന് പറഞ്ഞിട്ടുള്ള നോട്ടീസ് ആണ് നേരത്തെ കിട്ടിയത്. തുടർച്ചയായിട്ടുള്ള അച്ചടക്ക നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ആളാണ്, ശിക്ഷിക്കപ്പെട്ടിട്ടുണ്ട്, അതെല്ലാം കൂടെ കൺസോളിഡേറ്റ് ചെയ്തിട്ട് താങ്കൾ പൊലീസിൽ തുടരാൻ യോഗ്യതയില്ലെന്ന് പറഞ്ഞുകൊണ്ടുള്ള നോട്ടീസാണ് നേരത്തെ തന്നിട്ടുള്ളതെന്ന് ഉമേഷ് പറഞ്ഞു.
ഈ നടപടികൾ മുഴുവൻ വന്നത് പൊലീസിലെ പ്രശ്നങ്ങൾ പറഞ്ഞതിന്‍റെയും പൊലീസിനെ ബാധിച്ച പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടിയതിന്‍റെയും പേരിലാണ്. അത് സ്വാഭാവികമായിട്ടും പോസിറ്റീവ് ആയിട്ട് എടുക്കേണ്ടതാണ്. സർക്കാരിനെതിരെ ആണെന്നും പൊലീസിനെതിരെ ആണെന്നും വ്യാഖ്യാനിച്ചിട്ടാണ് ഈ നടപടികൾ ഉണ്ടായതെന്നും ഉമേഷ് നേരത്തെ പറഞ്ഞു. മറുപടി നൽകുമെന്നും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ട്രൈബ്യൂണലിനെ സമീപിക്കുമെന്നും അദ്ദേഹം അന്നേ വ്യക്തമാക്കിയിരുന്നു. പിരിച്ചു വിട്ട സാഹചര്യത്തിൽ ട്രിബ്യുണലിനെ സമീപിക്കുമെന്ന് ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.


