റാഞ്ചി: വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിന് പിന്നാലെ റെക്കോഡ് സ്‌കോർ കുറിച്ച് ബിഹാർ. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരേ അമ്പത് ഓവറിൽ ടീം 574 റൺസെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ടീം നേടുന്ന ഉയർന്ന സ്‌കോറാണിത്. വൈഭവിന് പുറമേ ആയുഷ് ലൊഹാരുക, എസ് ഗനി എന്നിവരും സെഞ്ചുറി നേടി. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇന്ത്യക്കാരന്റെ സെഞ്ചുറിയും ഗനി സ്വന്തം പേരിലാക്കി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിനായി വൈഭവും മംഗൾ മഹ്‌റൗറുമാണ് ഓപ്പൺ ചെയ്തത്. വൈഭവ് പതിവുപോലെ വെടിക്കെട്ട് നടത്തിയപ്പോൾ ടീം സ്‌കോർ കുതിച്ചു. മംഗളിനെ ഒരുവശത്തുനിർത്തിക്കൊണ്ട് വൈഭവ് ഒറ്റക്കായിരുന്നു ബിഹാർ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. 12-ാം ഓവറിൽ സെഞ്ചുറിയുമെത്തി. 36 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. അതോടെ റെക്കോഡ് ബുക്കിലും ഇടംനേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായും ഈ പതിനാലുകാരൻ മാറി.
മത്സരത്തിൽ 33 റൺസെടുത്ത മംഗൾ പുറത്തായെങ്കിലും വൺഡൗണായി ഇറങ്ങിയ പിയുഷ് സിങ്ങിനെ ഒരുവശത്തുനിർത്തി വൈഭവ് പിന്നെയും അടി തുടർന്നു. അതോടെ ബിഹാർ വേഗത്തിൽ 200 കടന്നു. അരുണാചൽ പ്രദേശ് ബൗളർമാരെ വൈഭവ് നിലത്തുനിർത്തിയില്ല. ഫോറുകളും സിക്‌സറുകളും കൊണ്ട് മൈതാനത്ത് റണ്ണൊഴുകി. 150 റൺസും കടന്ന് വൈഭവ് വെടിക്കെട്ട് തുടർന്നു. എന്നാൽ ഇരട്ടസെഞ്ചുറിക്ക് 10 റൺസ് അകലെ പുറത്തായി. 84 പന്തിൽ നിന്ന് 190 റൺസാണ് വൈഭവിന്റെ സമ്പാദ്യം. 16 ഫോറുകളും 15 സിക്‌സറുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്.
മൂന്നാം വിക്കറ്റിൽ പീയുഷ് സിങ്ങും ആയുഷ് ലൊഹാരുകയും ചേർന്നാണ് പിന്നീട് സ്‌കോർ ഉയർത്തിയത്. ലൊഹാരുകയായിരുന്നു കൂടുതൽ അപകടകാരി. താരം തകർത്തടിച്ചതോടെ ടീം സ്‌കോർ 350-കടന്നു. ശ്രദ്ധയോടെ ബാറ്റേന്തിയ പീയുഷ്(77) അർധസെഞ്ചുറി തികച്ച് പുറത്തായി. പിന്നാലെ ആയുഷ് സെഞ്ചുറി തികച്ചു. പിന്നീട് എസ് ഗനിയുടെതായിരുന്നു ഊഴം. താരം വന്നവരേക്കാൾ ആക്രമണോത്സുകതയോടെയാണ് ബാറ്റേന്തിയത്. 56 പന്തിൽ നിന്ന് 116 റൺസെടുത്ത് ആയുഷ് മടങ്ങിയെങ്കിലും ഗനി വെടിക്കെട്ട് തുടർന്നു. 32 പന്തിൽ മൂന്നക്കം തൊട്ട് ഗനി ചരിത്രം കുറിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമായി അദ്ദേഹം മാറി. ഒടുക്കം അമ്പത് ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 574 റൺസിന് ബിഹാർ ഇന്നിങ്‌സ് അവസാനിച്ചു. ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ടീമിന്റെ ഉയർന്ന സ്കോറാണിത്.


