24.4 C
Kottayam
Thursday, May 23, 2024

സൈറണ്‍ മുഴങ്ങുമ്പോള്‍ ബങ്കറില്‍ പോണം, പിരീഡ്‌സ് ആയ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരം: ഉക്രൈനില്‍ മകള്‍ കുടുങ്ങിയ ഒരമ്മയുടെ കുറിപ്പ്

Must read

റഷ്യ – ഉക്രൈന്‍ പ്രതിസന്ധിയുടെ ആഘാതങ്ങള്‍ ആ രാജ്യത്തെ മാത്രമായിരുന്നില്ല ബാധിച്ചിരുന്നത്. പലരാജ്യങ്ങളിലും ഉള്ളവര്‍ തീ തിന്നുകയായിരുന്നു. ഉക്രൈനില്‍ കഴിയുന്ന ഉറ്റവരെ ഓര്‍ത്ത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ യാതൊരു പോറലുമേല്‍ക്കാതെ തിരിച്ചെത്തുന്നതും കാത്ത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇരുന്ന് കുടുംബം പ്രാര്‍ത്ഥിച്ചു. നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ പ്രതീക്ഷയര്‍പ്പിച്ച് അവര്‍ കാത്തിരുന്നു. ഉക്രൈനില്‍ മെഡിസിന് പഠിക്കാന്‍ പോയ മകള്‍ തിരിച്ചെത്തുന്നതു വരെ അനുഭവിച്ച വേദന പങ്കുവയ്ക്കുകയാണ് ഫൗസിയ കളപ്പാട്ട്. മകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആലോചിച്ച് ആശയങ്കയിലായിരുന്നു കുടുംബം. ദുരന്തമുഖത്ത് നിന്നും മകള്‍ സുരക്ഷിത സ്ഥലത്ത് എത്തുന്നത് വരെയുള്ള സംഭവങ്ങള്‍ ഫൗസിയ വിശദമായി വിവരിക്കുന്നത് ഇങ്ങനെ:

യുദ്ധമുഖത്തു നിന്ന് മോളിന്ന് എത്തും. യുക്രൈയിനില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്നു മോള്. യുദ്ധം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞത് മുതല്‍ അവളെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും കീവില്‍ മോള് പഠിക്കുന്ന ബൊഗമൊളൈറ്റ്‌സ് യൂണിവേഴ്‌സിറ്റി അധികൃതര്‍ ക്ലാസ്സ് കളഞ്ഞാല്‍ എക്‌സ്പല്‍ ആക്കുമെന്ന് പറഞ്ഞത് കൊണ്ട് അവള്‍ വരാന്‍ തയ്യാറായില്ല. ഈ വര്‍ഷം ജൂണോടെ കോഴ്‌സ് തീരാനിരിക്കെ എക്‌സ്‌പെല്‍ ആക്കുമെന്ന് കേട്ടതോടെ അവളും കൂട്ടുകാരും നാട്ടിലേക്കുള്ള യാത്രയ്ക്ക് മടിച്ചു. യുദ്ധഭീതി കൂടി വന്നപ്പൊ ഒരു സെര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത് കൊടുക്കാമെന്ന് യൂണിവേഴ്‌സിറ്റി ഏറ്റു. ആ പേപ്പര്‍ ഉണ്ടെങ്കില്‍ സാഹചര്യം മാറുമ്പോ തിരിച്ചു വന്നാല്‍ മതിയെന്നായിരുന്നു തീരുമാനം. ആ പേപ്പര്‍ തരാമെന്ന് പറഞ്ഞത് ഫെബ്രുവരി 24 നായിരുന്നു. അന്ന് വെളുപ്പിന് തന്നെ യുദ്ധമുഖം തുറന്നു. വിമാനതാവളങ്ങള്‍ അടച്ചു. മോളും ആയിരത്തിയഞ്ഞൂറോളം വരുന്ന കുട്ടികളും കോളേജ് ഹോസ്റ്റലിനകത്തായി. ഭൂരിഭാഗം കുട്ടികളും ഇന്ത്യക്കാരാണ്. സ്‌ഫോടനം തുടങ്ങിയപ്പോള്‍ ഹോസ്റ്റലിനകത്തെ ബങ്കറിലേയ്ക്ക് മാറി. ആവശ്യത്തിന് ഭക്ഷണം, വെള്ളം, പൈസ ഒന്നും കൈയ്യിലില്ല. ഇടയ്‌ക്കെപ്പോഴോ കൂട്ടമായി അവിടെയുള്ള യുക്രെയിനികളോടൊപ്പം സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി അവശ്യ സാധനങ്ങള്‍ വാങ്ങി. പതിവിലും കവിഞ്ഞ ക്യൂവും തിരക്കുമായിരുന്നു എ ടി എം ലും സൂപ്പര്‍ മാര്‍ക്കറ്റിലും.

നമ്മളിവിടെ വാര്‍ത്തകളില്‍ കാണുന്നതിലും വളരെ വളരെ മോശമായിരുന്നു അവസ്ഥ. ഹോസ്റ്റലിന്റെ പതിനഞ്ചാം നിലയിലാണ് മോളും കൂട്ടുകാരി കീര്‍ത്തിയും താമസിക്കുന്ന മുറി.സൈറണ്‍ മുഴങ്ങുമ്പോഴൊക്കെ ബങ്കറില്‍ പോണം. തിരിച്ച് റൂമിലേക്കെത്തുമെന്ന് പറയാന്‍ പറ്റില്ല.ചിലപ്പൊ ദിവസങ്ങളോളം ബങ്കറില്‍ കഴിയേണ്ടി വരും. അതു കൊണ്ട് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍, ഭക്ഷണം, വെള്ളം മുതലായ സാധനങ്ങളുമായാണ് ബങ്കറിലേക്ക് പോകുന്നത്. ലിഫ്റ്റ് വര്‍ക്ക് ചെയ്യിക്കാന്‍ പാടില്ല എന്ന് സെക്യൂരിറ്റി പറഞ്ഞത്രേ. ഇടയ്ക്ക് കരണ്ട് പോയാല്‍ ലിഫ്റ്റില്‍ കുടുങ്ങിപ്പോകും. ലിഫ്റ്റ് നന്നാക്കി യെടുക്കാനൊന്നും ടെക്‌നീഷ്യന്‍മാരെയൊന്നും കിട്ടാവുന്ന സാഹചര്യമല്ലല്ലോ. എല്ലാ സാധനങ്ങളും കൈയ്യില്‍ കരുതി തന്നെ വേണം ബങ്കറിലേക്ക് പോകാന്‍. ടോയ്‌ലറ്റ് സൗകര്യമില്ല. പിരീഡ്‌സ് ആയ കുട്ടികളുടെ അവസ്ഥ പരിതാപകരമാണെന്ന് മോള് പറഞ്ഞു. കൊടുംതണുപ്പില്‍ ബങ്കറിലെ പൊടിയില്‍ കഴിയേണ്ടി വന്നത് കൊണ്ട് ആസ്മ ഉള്ള ചിലര്‍ക്ക് അത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി.. അറിയാവുന്ന കയ്യിലുള്ള മരുന്നുകള്‍ നല്‍കി കൂട്ടുകാര്‍ തന്നെ അവരെ നോക്കി.

കുട്ടികള്‍ ഒരുപാടുള്ളത് കൊണ്ട് ബങ്കറില്‍ മണിക്കൂറുകള്‍ നില്‍ക്കുക മാത്രമാണ് മാര്‍ഗ്ഗം. ഇരിക്കാന്‍ പോലും പറ്റാതെ മണിക്കൂറുകള്‍ നില്‍ക്കണം. സ്ഥിതി ശാന്തമായെന്ന് തോന്നുമ്പോ റൂമിലെത്തി ഫോണ്‍ ചാര്‍ജ് ചെയ്യും. ടോയ്ലെറ്റില്‍ പോകും. പിന്നീട് ബങ്കറില്‍ നിന്നിറങ്ങാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ആദ്യ ദിവസങ്ങളില്‍ വെടിയൊച്ചകളില്‍ പേടിച്ചിരുന്ന കുട്ടി ഫോണിലൂടെ ശബ്ദം കേട്ട് ഞാന്‍ പേടിക്കുമ്പോ അത് വെടിയൊച്ചയാ, മിസൈല്‍ ആക്രമണമാണ് മമ്മാ ഇപ്പോ പേടി എന്ന് പറഞ്ഞു തുടങ്ങി. രാത്രി മുഴുവന്‍ അവള്‍ പേടിച്ചിരിക്കുമ്പൊ നെറ്റ് കിട്ടുന്നത് കൊണ്ട് ഞാനും അര്‍മേനിയയിലുള്ള ആരിഫും കൂട്ടിരുന്നു. അവള്‍ക്ക് ധൈര്യം കൊടുക്കാന്‍ എന്റെ ടെന്‍ഷന്‍ പുറത്തു കാണിക്കാതെ പരമാവധി ശ്രമിച്ചിരുന്നു. എന്നാലും എന്റെ കുഞ്ഞിനെയോര്‍ത്ത് നെഞ്ച് പൊട്ടി ഞാന്‍ കരഞ്ഞു. പലപ്പോഴും അവള്‍ വിളിക്കുമ്പോള്‍ വെടിയൊച്ചകളും വലിയ സ്‌ഫോടന ശബ്ദങ്ങളും കേള്‍ക്കാമായിരുന്നു. കിടുങ്ങി പോകുന്ന ശബ്ദത്തില്‍ അവള്‍ക്കൊപ്പം ഞാനും വിറച്ചു. എന്റെ കുഞ്ഞിനെയോര്‍ത്ത് എല്ലാവരും ഒരുപാട് വിഷമിച്ചു. പ്രാര്‍ത്ഥിച്ചു. എല്ലാവരോടും എല്ലാത്തിനോടും ദേഷ്യമായി എനിക്ക്. റഷ്യ യുക്രെയിനിനെ തകര്‍ക്കുകയോ യുക്രെയിന്‍ നാറ്റോയില്‍ ചേരുകയോ അതൊന്നും എന്റെ വിഷയമേയല്ലാത്തതു കൊണ്ട് ന്യൂസ് ചാനലുകളുടെ ശബ്ദവും ചര്‍ച്ചയും വല്ലാതെ അലോസരപ്പെടുത്തി. ഇന്ത്യന്‍ എംബസി ഫോണ്‍ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലായിരുന്നു. അത് മൊത്തം കുട്ടികള്‍ക്കും പ്രശ്‌നമായിരുന്നു. ഏകദേശം ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുന്ന അവസ്ഥ.

ഫെബ്രുവരി 27ന് രാത്രി മോള് വിളിച്ചപ്പോള്‍ അവള്‍ പതിവില്‍ കൂടുതല്‍ പേടിച്ചിരുന്നു. അന്ന് പകല്‍ ജനലിലൂടെ കണ്ട കാഴ്ച അവള്‍ വിറച്ച് കൊണ്ട് പറഞ്ഞു. റഷ്യന്‍ പട്ടാളക്കാരന്‍ ഹോസ്റ്റലിന്റെ മുന്‍പിലെ റോഡില്‍ ഒരു യുക്രെയിന്‍ പട്ടാളക്കാരനെ വെടിവച്ചിടുന്ന കാഴ്ച. മമ്മ ധൈര്യമായി ഇരിക്കണം, എന്തും സംഭവിക്കാം എന്നൊക്കെ അവള്‍ പറയുന്നത് കേട്ട് എനിക്ക് ബോധം പോയി. അലറിക്കരഞ്ഞ് കുഴഞ്ഞു വീണതല്ലാതെ എന്റെ കുഞ്ഞിന് വേണ്ടി എനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന വേദനയില്‍ എന്റെ നെഞ്ച് നീറി പിടഞ്ഞു. 28 ന് കര്‍ഫ്യൂ പിന്‍വലിച്ചാല്‍ അവിടെ നിന്നിറങ്ങാന്‍ തീരുമാനിക്കണം എന്ന് മന്ത്രി മുരളീധരനെ വിളിച്ചപ്പോള്‍ അറിഞ്ഞതിന്റെ വെളിച്ചത്തില്‍ കര്‍ഫ്യൂ നീങ്ങാന്‍ കാത്തു നില്‍ക്കുക എന്നത് മാത്രമായിരുന്നു പ്രതിവിധി. ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല മോള്‍ക്ക്. ആരുമില്ല മമ്മ ഒരു സഹായത്തിന് എന്നവള്‍ വിളിക്കുമ്പോഴൊക്കെ പറഞ്ഞിരുന്നു. അപകടകരമായ സാഹചര്യത്തില്‍ നിന്ന് ഒരാളുടെയും സഹായമില്ലാതെ ആത്മധൈര്യവും ദൈവവും മാത്രം കൂട്ടായിട്ടാണ് കുഞ്ഞുങ്ങള്‍ ഇറങ്ങിയത്. ഇന്ത്യന്‍ എംബസി ഒരാശ്വാസ വാക്ക് പറയാന്‍ പോലും തയ്യാറായില്ല. അവിടെയുള്ള ഏജന്റ് ഡോക്ടര്‍ സുമേഷ് 27 ന് ഇവാകേഷനുള്ള ഫോം പൂരിപ്പിച്ച് വാങ്ങിയിരുന്നു.

28 ന് രാവിലെ കര്‍ഫ്യൂ ഒഴിവായ സമയം നോക്കി ഇന്ത്യന്‍ പതാകയും പിടിച്ച് ഗ്രൂപ്പായി ഇറങ്ങണം എന്ന് തീരുമാനം എടുത്തു. റെയില്‍വേ സ്റ്റേഷന്‍ വരെ മൂന്നോ നാലോ കിലോമീറ്റര്‍ ഉണ്ടായിരുന്നു.പല ഗ്രൂപ്പായി തിരിഞ്ഞ് 230 ഓളം കുട്ടികള്‍ റോഡില്‍ ആദ്യമിറങ്ങി. മോളും ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. കീ വ് കടന്നു കിട്ടിയാല്‍ രക്ഷപ്പെട്ടു എന്ന് മോള് പലതവണ പറഞ്ഞിരുന്നു. അവളുടെ ശബ്ദം വിറച്ചും നേര്‍ത്തുമിരുന്നു. പ്രാര്‍ത്ഥനകളോടെ വീട്ടില്‍ എല്ലാവരും കാത്തിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ വന്നപ്പോള്‍ യുക്രൈയിന്‍ പൗരന്മാര്‍ക്കായിരുന്നു മുന്‍ഗണന. കൂടെയുള്ള ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെയെല്ലാം മുന്‍പില്‍ നിര്‍ത്തി അവരെ ആദ്യം ട്രെയിനില്‍ കയറ്റാനുള്ള ശ്രമം തുടങ്ങി. ഉക്രൈന്‍ പൗരന്മാര്‍ക്ക് ഒരു ദയയോ മനുഷ്യത്വമോ ഉണ്ടായില്ല. പെണ്‍കുട്ടികളുടെ ശരീരത്തിലൊക്കെ അവര്‍ ശക്തമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു. ആണ്‍കുട്ടികളെ ഇടിച്ചകറ്റാന്‍ നോക്കി. ആണ്‍കുട്ടികള്‍ തങ്ങളെ തള്ളി മാറ്റിയ ടി.ടിയോട് ചൂടായി. അയാള്‍ അവരെ തള്ളിയിട്ടു. മോളുടെ ഹാന്‍ഡ്ബാഗ് പൊട്ടിപ്പോയി. എങ്കിലും രേഖകള്‍ അടങ്ങിയ ബാഗ് കൈവിടാതെ അവള്‍ മുറുക്കി പിടിച്ചു. ഒരു കണക്കിന് ട്രെയിനില്‍ കയറി. സ്വന്തം നാട്ടില്‍ മാത്രമാണ് നമ്മള്‍ രാജാവ്. വിദേശത്ത് എവിടെയായാലും നമ്മള്‍ രണ്ടാം കിട പൗരന്‍മാരാണ്.

ആകെ തളര്‍ന്ന് അവശരായ കുട്ടികള്‍. ഭയം കൊണ്ട് മൂടിയ നിമിഷങ്ങളിലൂടെ കടന്നുപോകുന്നവര്‍.കീവ് വിട്ട് പോകാന്‍ പറ്റുമോ എന്ന് അപ്പോഴും മോള്‍ക്ക് ഉറപ്പില്ലായിരുന്നു. ജീവന്‍ കിട്ടിയാല്‍ മതി എന്നൊക്കെ അവള്‍ പറയുന്നത് കേട്ടുനില്‍ക്കാന്‍ പോലും ശക്തിയില്ലാതെ അവള്‍ക്ക് ധൈര്യം കൊടുക്കാന്‍ എത്ര ശ്രമിച്ചിട്ടും പറ്റാതെ ഞാന്‍ തകര്‍ന്നു നിന്നു. നാലഞ്ച് ട്രെയിന്‍ കടന്നു പോയതിന് ശേഷമാണ് മോള്‍ക്കും കൂടെയുള്ളവര്‍ക്കും ട്രെയിനില്‍ കയറാന്‍ പറ്റിയത്. ട്രെയിന്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. സീറ്റ് കിട്ടിയ കുട്ടികള്‍ കുറച്ച് സമയം കഴിഞ്ഞ് ഇരിക്കാന്‍ കഴിയാത്തവര്‍ക്ക് സീറ്റ് കൊടുത്ത് എഴുന്നേറ്റ് നില്‍ക്കും. പരസ്പരം താങ്ങായ യാത്ര പതിനെട്ട് മണിക്കൂര്‍ നീണ്ടു. ഖാര്‍ക്കിവിലെയും സുമി യിലെയും കുഞ്ഞുങ്ങളുടെ കരച്ചില്‍ കാണാനാവാതെ ടി.വി ഓഫ് ചെയ്തിരുന്നു ഞാനും ഉമ്മിച്ചിയും വാപ്പിച്ചിയും അനിലും. മോള്‍ക്ക് ട്രെയിന്‍ കിട്ടും വരെ ആര്‍ക്കും സംസാരമില്ലായിരുന്നു .ഭക്ഷണം കഴിക്കാതെ, എന്തിന് വെള്ളമിറങ്ങാന്‍ പോലും പ്രയാസമായ ദിവസങ്ങള്‍.മോളവിടെ ഇങ്ങനെ ജീവന്‍ കൈയ്യിലേന്തി നില്‍ക്കുമ്പോ എങ്ങിനെയാണ് ഒരു തുള്ളി വെള്ളമിറക്കാനാവുക? അവളെ വിളിക്കുമ്പോള്‍ കിട്ടുമായിരുന്നു എന്നത് മാത്രമായിരുന്നു ആശ്വാസം. 1800 ഓളം കിലോമീറ്ററുകള്‍ താണ്ടിയാണ് ട്രെയിന്‍ റാക്കീ വിലെത്തിയത്. അവിടെ ഒരു ചര്‍ച്ചില്‍ നിന്ന് എല്ലാ കുട്ടികള്‍ക്കും വെള്ളവും ബിസ്‌കറ്റ്‌സും നല്‍കി. ഒന്ന് ഫ്രഷ് ആവാനുള്ള സൗകര്യവും കൊടുത്തു. അവിടെ നിന്ന് വൈകാതെ ബസ്സില്‍ കയറി, അടുത്ത ബോര്‍ഡറായ സ്‌ളോവാകിയയിലേക്ക് യാത്ര തിരിച്ചു.

സ്‌ളോവാക്യന്‍ അതിര്‍ത്തിയിലെത്തിയപ്പോഴാണ് ‘മമ്മാ ഞാന്‍ സേഫ് ആയി എന്നവള്‍ മെസേജ് ഇട്ടത്. ഫോണില്‍ ചാര്‍ജ് തീരുകയാണ് പേടിക്കണ്ട എന്നും പറഞ്ഞു. കരഞ്ഞുകൊണ്ട് ഞാന്‍ തറയിലിരുന്നത് സന്തോഷം കൊണ്ടായിരുന്നു.എന്റെ കുഞ്ഞിന്റെ ജീവന്‍ തിരിച്ചു കിട്ടിയല്ലോ. മോള് അതിര്‍ത്തിയിലേയ്ക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണത്തില്‍ നവീന്‍ എന്ന കുട്ടി മരിച്ചെന്ന വാര്‍ത്ത കേള്‍ക്കുന്നത്. എന്റെ കുഞ്ഞെന്ത് കൊണ്ടാണ് ഭയന്ന് വിറച്ച് കരഞ്ഞതെന്ന് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുന്ന വാര്‍ത്ത കൂടിയായിരുന്നു അത്. അതിര്‍ത്തി കടന്നത് ഇന്ത്യന്‍ സമയം രാത്രി ഒന്നരക്കായിരുന്നു. സ്ലോവാക്യയില്‍ സമയം 8.35. അഞ്ചു മണിക്കൂര്‍ കാത്തു നിന്നപ്പോഴേക്കും അതിര്‍ത്തി കടക്കാന്‍ പറ്റി. കൂടുതല്‍ ആളുകളും റൊമാനിയ, ഹങ്കറി അതിര്‍ത്തിയിലേക്കാണ് പോയത്. അതുകൊണ്ട് ഇവിടെ തിരക്ക് കുറവായിരുന്നു.കുട്ടികള്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും കൊടുക്കാന്‍ ഉദ്യോഗസ്ഥരുണ്ടായിരുന്നു.അതിര്‍ത്തി കടന്നു ചെന്നതിനു ശേഷം എംബസി യുടെ ഭാഗത്തു നിന്ന് സഹായങ്ങള്‍ ഉണ്ടായിരുന്നു. ഡല്‍ഹിക്കുള്ള ഫ്‌ലൈറ്റ് കിട്ടുന്നത് വരെ എല്ലാവരെയും സൗകര്യങ്ങളോടെ ഹോട്ടലില്‍ താമസിപ്പിച്ചു.

ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ സ്ലോവാക്കിയയില്‍ എത്തിയിരുന്നു. അവിടെയുള്ള ഒരു ഹോട്ടലില്‍ അവര്‍ക്ക് താമസ സൗകര്യം ഒരുക്കി. നല്ല ഭക്ഷണം, വെള്ളം, കുളിക്കാന്‍ ചൂട് വെള്ളം എല്ലാം കുട്ടികള്‍ക്ക് കിട്ടി. സാവധാനം സമാധാനമായിട്ടിനി വന്നാല്‍ മതിയെന്ന് മനസ്സ് പറഞ്ഞു. യുദ്ധഭൂമിയിലല്ലല്ലോ ഇപ്പോള്‍. വരുമ്പോ മോള്‍ക്കെന്തൊക്കെ വേണം എന്ന് ചോദിച്ചപ്പോള്‍, എനിക്കൊന്നും വേണ്ട മമ്മ, വീട്ടില്‍ വന്നു മമ്മയുടെ കൂടെ, വെടിയൊച്ചകളെ പേടിക്കാതെ കെട്ടിപിടിച്ചുറങ്ങിയാല്‍ മതി, ഭക്ഷണവും വെള്ളവും കിട്ടിയാല്‍ മാത്രം മതി എന്ന് പറഞ്ഞപ്പോള്‍ ഒരു ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ അതാണല്ലോ എന്നോര്‍ത്തു. പേടിക്കാതെ ആധി പിടിക്കാതെ ഉറങ്ങാനും ഭക്ഷണം കഴിക്കാനും എല്ലാ കുഞ്ഞുങ്ങള്‍ക്കും എത്രയും വേഗം സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. ഇന്ന് വെളുപ്പിന് ഡല്‍ഹിയില്‍ മോളെത്തി. അവിടെ നിന്ന് നേരെ കേരള ഹൗസിലേക്ക്. നല്ല ചൂട് കഞ്ഞിയും ചക്കപ്പുഴുക്കും പയറും പപ്പടവും അച്ചാറും കൂട്ടി ഫുഡ് കഴിച്ചു എന്നവള്‍ പറഞ്ഞത് നിറഞ്ഞ സന്തോഷത്തോടെയായിരുന്നു.. ഇന്ന് രാത്രി തന്നെ അവിടെ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം കയറും.

എന്റെ ജീവിതം തൊട്ടുണര്‍ത്തിയ കുഞ്ഞു കാറ്റിനെ ഇതുവരെ ഉണ്ടായതിനേക്കാള്‍ ഗാഢമായി പുണരണം. ഉമ്മകള്‍ കൊണ്ട് മൂടണം. അവളുടെ ശാരീരിക മാനസിക ആരോഗ്യത്തിലാവും ആദ്യ കരുതല്‍.. ഇത്ര ചെറിയ പ്രായത്തില്‍ ഇത്രയും വലിയ പരീക്ഷണങ്ങളെ അതിജീവിച്ചു വന്ന എന്റെ കുഞ്ഞിനെ പഴയതുപോലെ കാണണമെനിക്ക്. അതിനായി കാത്തിരിക്കുകയാണ് ഞാന്‍. ഇനി ജീവിതത്തില്‍ എന്ത് പരീക്ഷണങ്ങള്‍ നേരിട്ടാലും താങ്ങാന്‍ ആവുമായിരിക്കും അവള്‍ക്ക്. ഇനിയും പുറത്തുകടക്കാനാവാതെ പേടിച്ചു കഴിയുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും നാട്ടിലേക്ക് എത്രയും വേഗം എത്താനാകട്ടെ എന്ന് എല്ലാ ദൈവങ്ങളോടും ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു. മോളെയും കൂട്ടുകാരെയും അവിടെ നിന്നിറങ്ങാന്‍ സഹായിച്ച ഡോക്ടര്‍, സുമേഷിന്, പ്രിയ മോന്‍ ആരിഫിന്, ഭംഗിയായി കോ ഓര്‍ഡിനേറ്റ് ചെയ്ത ഡോക്ടര്‍ ജിനേഷിന്, എന്റെ വേദനകള്‍ക്കൊപ്പം നിന്ന് പ്രാര്‍ത്ഥിച്ച കൂട്ടുകാര്‍ക്ക്, എല്ലാത്തിലുപരി ഇന്ത്യ ഗവണ്‍മെന്റിന്…..കേരള സര്‍ക്കാരിന് എല്ലാവര്‍ക്കും ഒരു പാട് നന്ദി… ചേര്‍ത്തുപിടിച്ച എല്ലാ ദൈവങ്ങളോടും നന്ദി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week