FeaturedHome-bannerKeralaNews

അതിതീവ്ര മഴ വരുന്നു; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ട്; ഉയർന്ന തിരമാല മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്.

മഞ്ഞ അലർട്ട്
ബുധനാഴ്ച: കണ്ണൂർ, കാസറഗോഡ്
വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ്
വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

തെക്കൻ കേരളത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി, മിന്നൽ , കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുമുണ്ട്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം വെള്ളിയാഴ്ച രാവിലെയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ്

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. സെക്കൻഡിൽ 18 cm നും 82 cm നും ഇടയിൽ വേഗത്തിൽ ഇത് മാറിവരുവാൻ സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെ വരെ വ്യാഴാഴ്ച രാത്രി 11.30 വരെ 0.6 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. സെക്കൻഡിൽ 22 സെന്റീമീറ്ററിനും നും 83 സെന്റിമീറ്ററിനും ഇടയിൽ ഇത് മാറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. താഴെപ്പറയുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം-

  • കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  • മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  • ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button