എംബിബിഎസ് വിദ്യാര്‍ത്ഥികളെ തല മുണ്ഡനം ചെയ്ത് ബാഗും ചുമന്ന് തല കുനിച്ച് നടത്തി, മെഡിക്കല്‍ കോളേജില്‍ റാഗിംഗ്

ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ തല മുണ്ഡനം ചെയ്ത് ബാഗും ചുമന്ന് തല കുനിച്ച് നടത്തി സീനിയര്‍ വിദ്യാര്‍ത്ഥികള്‍. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി മെഡിക്കല്‍ കോളേജില്‍ (Haldwani medical college) നിന്നാണ് റാഗിംഗിന്‍റെ (Ragging) ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ റാഗിംഗ് വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ശക്തമായ നടപടി കുറ്റക്കാര്‍ക്ക് നല്‍കണമെന്നാണ് സംഭവത്തേക്കുറിച്ച് ആളുകളുടെ പ്രതികരണം.  27 ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗിംഗിന് ഇരയായത്.

ചുമലില്‍ ബാഗ് ചുമന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി തല കുനിച്ച് മുണ്ഡനം ചെയ്ത തലയോടെ നിശബ്ദരായി ഇവര്‍ നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ലാബ് കോട്ടും മാസ്കും ധരിച്ചാണ് ഇവര്‍ക്ക് നടക്കേണ്ടി വന്നത്. റോഡില്‍ എതിരെ വരുന്നവരുടെ മുഖത്ത് നോക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയായിരുന്നു സീനിയേഴ്സിന്‍റെ പീഡനമുറ.

എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭവത്തേക്കുറിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ഹല്‍ദ്വാനി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അരുണ്‍ ജോഷി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. വിദ്യാര്‍ത്ഥികള്‍ മുണ്ഡനം ചെയ്ത തലയുമായി ക്യാംപസിലെത്തുന്നത് പതിവാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ക്കുന്നു. ചില വിദ്യാര്‍ത്ഥികള്‍ സൈനികരുടേതിന് സമാനമായ ഹെയര്‍ സ്റ്റൈല്‍ ചെയ്തുവരാറുണ്ട്. അതില്‍ അസാധാരണമായൊന്നും ഇല്ലെന്നാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ സംഭവത്തേക്കുറിച്ച് പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല. സമാനമായ രീതിയിലുള്ള റാഗിംഗ് ഇതിന് മുന്‍പും ഈ മെഡിക്കല്‍ കോളേജില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. 2019ല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഏഴ് സീനിയര്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്ക് പതിനായിരം രൂപ വീതം പിഴയടക്കാനും കോളേജ് നിര്‍ദ്ദേശിച്ചിരുന്നു. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമെന്നായിരുന്നു സംഭവത്തേക്കുറിച്ച് അന്ന് പ്രിന്‍സിപ്പല്‍ വിശദമാക്കിയത്. 2016ല്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍  മര്‍ദ്ദിച്ചതായും വസ്ത്രം വലിച്ചുകീറിയതായും ജൂനിയര്‍ വിദ്യാര്‍ത്ഥി യുജിസിക്ക് പരാതി നല്‍കിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News