തൃക്കാക്കര: റഷ്യ ഉക്രൈന്‍ യുദ്ധം എത്രയും പെട്ടന്ന് അവസാനിക്കണമെന്ന ആവശ്യവുമായി വഴിപാട് നടത്തി വിശ്വാസി. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റ്മാര്‍ക്ക് നല്ല ബുദ്ധി തോന്നിപ്പിക്കുന്നതിനായി, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെയും യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെയും പേരില്‍ ക്ഷേത്രത്തില്‍ വഴിപാട്. തൃക്കാക്കര ക്ഷേത്രത്തിലാണ് ഇരുവര്‍ക്കും വേണ്ടി ഐക്യമത്യസൂക്തം വഴിപാട് നടത്തിയത്.
എല്‍.ഐസി ആലുവ ബ്രാഞ്ച് ഓഫീസിലെ ചീഫ് അഡ്വൈസറും തൃക്കാക്കര നിവാസിയുമായ സി എന്‍ സന്തോഷ് കുമാറാണ് വഴിപാട് നടത്തിയത്. പുടിന്റെ അഹങ്കാരം ശമിപ്പിക്കാനാണ് വഴിപാട് നടത്തിയതെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. വാമന മൂര്‍ത്തി മഹാബലിയെ ചവിട്ടിത്താഴ്ത്തിയ ഐതീഹ്യ സന്ദേശം, അഹങ്കാരം നാശത്തിലേക്ക് നയിക്കും എന്നാണെന്ന് പറഞ്ഞ സന്തോഷ്, ഈ അഹങ്കാരം നല്ലതിനല്ലെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, യുദ്ധത്തിന് ഉടന്‍ തന്നെ അവസാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ആണ് സാധാരണക്കാര്‍. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ മൂന്നാംഘട്ട സമാധാന ചര്‍ച്ചകള്‍ നടന്നു. കഴിഞ്ഞ രണ്ടു തവണയും ഇരു രാജ്യങ്ങളുടേയും പ്രതിനിധി സംഘങ്ങള്‍ തമ്മില്‍ രഹസ്യ കേന്ദ്രത്തില്‍ വെച്ച് സമാധാനചര്‍ച്ച നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായിരുന്നില്ല.
യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം റഷ്യ അംഗീകരിച്ചില്ലെങ്കിലും, ഉക്രൈനിലെ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ മനുഷ്വത്വ ഇടനാഴിയൊരുക്കാന്‍ രണ്ടാംവട്ട ചര്‍ച്ചയില്‍ ധാരണയായിരുന്നു. തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പാലിക്കുകയും ചെയ്തു.