28.9 C
Kottayam
Sunday, May 26, 2024

യുക്രെയ്നിനെ തച്ചുതകർത്ത് റഷ്യൻ സൈന്യം; പ്രതിരോധിക്കാൻ യുക്രെയ്ൻ ജനതയും

Must read

കീവ്:രണ്ടാം ദിവസവും റഷ്യൻ ആക്രമണം രൂക്ഷമായി തുടരവേ, 30 ലക്ഷം ജനസംഖ്യയുള്ള കീവ് നഗരത്തെ പ്രതിരോധിക്കാനായി യുക്രെയ്ൻ സേന നിലയുറപ്പിച്ചു. കീവിലെ ഉത്തര മേഖലകളിൽ റഷ്യൻ സൈന്യം പ്രവേശിച്ചതായി യുക്രെയ്ൻ അറിയിച്ചു. റഷ്യൻ കവചിത വാഹനങ്ങൾ കീവിൽനിന്ന് 50 കിലോമീറ്റർ അകലെയെത്തിയെന്നു യുകെ വ്യക്തമാക്കി.

പെട്രോൾ ബോംബുകളുമായി (മൊലട്ടോവ് കോക്‌ടെയ്ൽ) റഷ്യൻ സൈന്യത്തെ ചെറുക്കാൻ ജനങ്ങളോട് പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കി ആഹ്വാനം ചെയ്തു. 18,000 തോക്കുകൾ പൗരന്മാർക്കു കൈമാറിയിട്ടുണ്ട്. യുക്രെയ്ൻ സൈന്യത്തിനു കൈമാറാനുള്ള യുഎസിന്റെ ജാവലിൻ ടാങ്ക് വേധ മിസൈലുകൾ എസ്തോണിയയിൽനിന്നു പുറപ്പെട്ടു. കീവിനു സമീപമുള്ള തന്ത്രപ്രധാനമായ ഹോട്ടമിൽ വ്യോമത്താവളം റഷ്യ പിടിച്ചു. 200 റഷ്യൻ ഹെലികോപ്റ്ററുകൾ താവളത്തിൽ ഇറങ്ങി. ഇവിടെ 200 യുക്രെയ്ൻ സൈനികരെ വധിച്ചതായും റഷ്യ അവകാശപ്പെട്ടു. യുക്രെയ്ൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

റഷ്യയുടെ അധിനിവേശത്തിനെതിരെ ഇടപെടാൻ സ്വന്തം സർക്കാരുകളെ നിർബന്ധിക്കണമെന്ന് യൂറോപ്യൻ പൗരന്മാരോടു സെലെൻസ്കി അഭ്യർഥിച്ചു. സ്വന്തം ജനതയെ കൂട്ടക്കുരുതി ചെയ്യുന്ന സെലെൻസ്കി സർക്കാരിനെ താഴെയിറക്കുമെന്നു സൂചന നൽകിയ റഷ്യൻ വിദേശ കാര്യ മന്ത്രി സെർഗെയ് ലാവ്റോവ്, യുക്രെയ്നിനെ സഹായിക്കാൻ ഒരു വിദേശ സൈന്യവും എത്തില്ലെന്നു പറഞ്ഞു. അതിനിടെ, ചർച്ചയ്ക്കു തയാറാണെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും സെലെൻസ്കി വിഡിയോ സന്ദേശത്തിൽ പുട്ടിനോട് അഭ്യർഥിച്ചു ‘മരണം തടയാനായി നമുക്ക് ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിക്കാം’ എന്ന നിർദേശത്തിന് നവനാസ്തി സർക്കാരിനെ അംഗീകരിക്കില്ലെന്ന മറുപടിയാണു റഷ്യ നൽകിയത്.

കനത്ത പോരാട്ടം നടക്കുന്ന മേഖലകളിൽ വലിയ തോതിൽ ആൾനാശമുണ്ടെന്നാണു റിപ്പോർട്ട്. ക്യത്യമായ കണക്കുകൾ ലഭ്യമല്ല. ഇന്നലെയും കീവിനു നേരെ രൂക്ഷമായ മിസൈലാക്രമണമുണ്ടായി. ഒരു ഫ്ലാറ്റ് തകർന്നു. 57 സിവിലയൻ അടക്കം 194 യുക്രെയ്ൻ പൗരന്മാരെങ്കിലും കൊല്ലപ്പെട്ടെന്നു യുകെ സായുധസേനാ മന്ത്രി പാർലമെന്റിൽ അറിയിച്ചു. റഷ്യയുടെ ഭാഗത്ത് 450 സൈനികർക്കു ജീവൻ നഷ്ടമായെന്നും യുകെ അറിയിച്ചു.

വ്യാഴാഴ്ച ആക്രമണം തുടങ്ങിയശേഷം 127 പേർ കൊല്ലപ്പെട്ടുവെന്നാണു യുഎൻ കണക്ക്. മരണസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നും യുഎൻ സൂചിപ്പിച്ചു. ഏറ്റുമുട്ടലിൽ 2800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ ഉപപ്രതിരോധ മന്ത്രി ഫെയ്സ്ബുക് പേജിൽ കുറിച്ചു. 80 റഷ്യൻ ടാങ്കുകൾ, 516 കവചിത വാഹനങ്ങൾ, 10 പോർവിമാനങ്ങൾ, 7 ഹെലികോപ്റ്ററുകൾ എന്നിവയും നശിപ്പിച്ചതായി അറിയിച്ചു. റഷ്യ ഇതിനോടു പ്രതികരിച്ചിട്ടില്ല.

അതിനിടെ, റഷ്യ അടക്കം രാജ്യങ്ങളിൽ യുദ്ധവിരുദ്ധ പ്രകടനങ്ങളും സമാധാന നീക്കങ്ങളും ഊർജിതമായി. റഷ്യയിൽ നൂറുകണക്കിനു യുദ്ധവിരുദ്ധ പ്രതിഷേധക്കാർ അറസ്റ്റിലായി. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ്, പുട്ടിനു പിന്തുണ പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week