KeralaNewspravasi

മാർച്ച് ഒന്നുമുതൽ പൊതു ഇടങ്ങളിൽ മാസ്ക് വേണ്ട,ക്വാറന്‍റൈന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങളുമായി യുഎഇ

പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ (UAE eases face mask restrictions). അടുത്ത മാസം ആദ്യം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്‍റൈന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങളാണ് യുഎഇ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. പൊതുഇടങ്ങളില്‍ മാസ്ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.

കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാല്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം. പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. പ്രാദേശിക തലത്തില്‍ ഓരോ ഇമറൈറ്റുകള്‍ക്കും ക്വാറന്‍റൈന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട്.

പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണം തുടരും. വാക്സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. 


സൗദിയില്‍ കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു

സൗദി അറേബ്യയില്‍  കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു. പുതിയ രോഗികളുടെയും ഗുരുതരനിലയില്‍ ഉള്ളവരുടെയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 664 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 1,409 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. അതെസമയം കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,43,205 ആയി.

അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന നാല് ആഴ്ചയിലൊരിക്കല്‍

അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  കൊവിഡ് പരിശോധനയില്‍ ഇളവ്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ്  നോളജ് ആണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ 28 ദിവസത്തില്‍ ഒരിക്കല്‍ വീതം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും.
നേരത്തെ 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. ഇതില്‍ മാറ്റം വരുത്തിയാണ് പരിശോധന നാല് ആഴ്‍ചയില്‍ ഒരിക്കല്‍ മതിയെന്ന തീരുമാനം പ്രഖ്യാപിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button