News

റഷ്യന്‍ സൈനിക നേതാവിനെ വധിച്ചതായി യുക്രൈന്‍; പ്രതികരിക്കാതെ റഷ്യ

കീവ്: കിഴക്കന്‍ യുക്രൈനിലെ ഖാര്‍കീവില്‍ നടന്ന പോരാട്ടത്തിനിടെ റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ വിറ്റാലി ജെറാസിമോവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുക്രെയ്ന്‍ പ്രതിരോധ രഹസ്യാന്വേഷണ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ റഷ്യ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

റഷ്യയിലെ സെന്‍ട്രല്‍ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ 41-ആം ആര്‍മിയുടെ മേജര്‍ ജനറല്‍, ചീഫ് ഓഫ് സ്റ്റാഫ്, ആദ്യത്തെ ഡെപ്യൂട്ടി കമാന്‍ഡറുമായിരുന്നു ജെറാസിമോവ്. മറ്റു നിരവധി മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായും യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ജെറാസിമോവിന്റേത് എന്ന കരുതുന്ന ചിത്രവും യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. രണ്ടാം ചെചെന്‍ യുദ്ധത്തിലും റഷ്യയുടെ സിറിയന്‍ ദൗത്യത്തിലും ജെറാസിമോവ് പങ്കാളിയായിരുന്നുവെന്ന് യുക്രെനിയന്‍ ഇന്റലിജന്‍സ് പറയുന്നു. ക്രിമിയ പിടിച്ചടക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചതിന് അദ്ദേഹത്തിന് മെഡലും ലഭിച്ചിട്ടുണ്ട്.

അതേസമയം കീവിലെ ഓഫീസില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പങ്കുവച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി. താന്‍ ഒളിച്ചോടിയിട്ടില്ല, ആരെയും ഭയപ്പെടുന്നുമില്ല. ഈ യുദ്ധം ജയിക്കും വരെ ശക്തമായ പ്രതിരോധവുമായി ഇവിടെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശിക സമയം തിങ്കളാഴ്ച വൈകുന്നേരമാണ് സെലന്‍സ്‌കി സന്ദേശം പങ്കുവച്ചത്. അത് തെളിയിക്കാന്‍ തന്റെ ഓഫീസില്‍ നിന്ന് എടുത്ത തലസ്ഥാന നഗരത്തിന്റെ രാത്രിയുടെ കാഴ്ചകളും സെലെന്‍സ്‌കി കാണിക്കുന്നുണ്ട്.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയില്‍ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റില്‍ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയില്‍ മടങ്ങിയെത്തുക. രക്ഷ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സുമിയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി എത്തിക്കാന്‍, റഷ്യയുമായും യുക്രൈനുമായും നയതന്ത്രചര്‍ച്ചകള്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയെങ്കിലും, വെടി നിര്‍ത്തല്‍ പ്രായോഗിക തലത്തില്‍ വരാത്തതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും അക്കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്കോ പരീക്ഷണങ്ങള്‍ക്കോ തയ്യാറല്ലെന്നും, ചര്‍ച്ചകള്‍ തുടരുകായാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button