ലണ്ടൻ: ഇഷ്ടജോലി സ്വന്തമാക്കാൻ കഠിനമായ ഇന്റേൺഷിപ്പ് കാലത്തിലൂടെ കടന്നുപോകേണ്ടി വരാറുണ്ട് പലർക്കും. എന്നാൽ ചിലരാകട്ടെ തങ്ങളുടെ ക്രിയാത്മക ആശയങ്ങൾ കൊണ്ട് കമ്പനികളെ തന്നെ ഞെട്ടിച്ചു കളയുകയും ചെയ്യും. ഇത്തരത്തിൽ ഞെട്ടിക്കുന്ന ഐഡിയ (അഭിപ്രായവ്യത്യാസമുള്ളവരുമുണ്ട്) മുന്നോട്ടുവെച്ച ഒരു ഇന്റേണിന്റെ വാർത്തയാണ് ലണ്ടനിൽനിന്ന് വരുന്നത്.
22-കാരിയായ മനേജ്മെന്റ് വിദ്യാർഥിനി ആന്യ ജാക്സൺ ആണ് കഥയിലെ നായിക. തേഴ്സ്ഡേ എന്ന ഡേറ്റിങ് ആപ്പിൽ ഇന്റേൺഷിപ്പിന് ചേർന്നതാണ് ആന്യ. 25 പൗണ്ട്(2,573 രൂപ) ചെലവിൽ ആയിരം പേരെ കൊണ്ട് തേഴ്സ്ഡേ ആപ്പ് ഡൗൺലോഡ് ചെയ്യിക്കുക എന്നതായിരുന്നു ആന്യക്ക് കിട്ടിയ ടാസ്ക്. എന്തായാലും ടാസ്ക് ചെയ്തുതീർക്കാൻ തന്നെ ആന്യ തീരുമാനിച്ചു. സെൻട്രൽ ലണ്ടനിലെ ഒരു തൂണിനോട് ഇരുകൈകളും വിലങ്ങിട്ട് കൊരുത്തു. താഴെ ഒരു ബോർഡും വെച്ചു. അതിൽ എഴുതിയിരുന്നത് ഇങ്ങനെ: “ലോകത്തിലെ ഏറ്റവും കുഴപ്പിക്കുന്ന ഇന്റേൺഷിപ്പ്. സിംഗിൾ? ഡൗൺലോഡ് തേഴ്സ്ഡേ”. കഫിങ് തേഴ്സ്ഡേ എന്ന ഹാഷ് ടാഗും ബോർഡിൽ ചേർത്തിട്ടുണ്ട്.
തൂണിനോടു ചേർന്ന് വിലങ്ങുമായി നിൽക്കുന്ന തന്റെ ചിത്രം, ആന്യ ലിങ്ക്ഡിനിലും പോസ്റ്റ് ചെയ്തു. ടാർഗറ്റ് വിജയകരമായി പൂർത്തിയാക്കിയതോടെ മാനേജർ തന്റെ വിലങ്ങ് അഴിച്ചുവിട്ടെന്നും ആന്യ കുറിപ്പിൽ പറയുന്നുണ്ട്. ആന്യയുടെ ക്രിയേറ്റീവ് ഐഡിയയ്ക്ക് പക്ഷെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലരെ സംബന്ധിച്ചിടത്തോളം അത് അസ്വസ്ഥതയുളവാക്കുന്നതാണ്. മറ്റുചിലർക്ക് ക്രൂരമാണെന്നും തോന്നുന്നുണ്ട്. അതേസമയം ആന്യയെ അഭിനന്ദിക്കുന്നവരും കുറവല്ല.