ജനീവ: ചുവപ്പുകാർഡ് കിട്ടിയ യു.എസ്. സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന്റെ മത്സരവിലക്ക് മാറ്റിവെച്ച ഫിഫ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ കൂട്ടായ്മയായ യുവേഫ. ഫിഫയുടെ തീരുമാനം അഭൂതപൂർവവും മനസ്സിലാക്കാൻ കഴിയാത്തതും ന്യായീകരിക്കാൻ കഴിയാത്തതുമായ ഒന്നാണെന്നെന്നും റെഡ്‌ലൈൻ ലംഘിച്ചുവെന്നും യുവേഫ വിമർശിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് ശേഷമാണ് ഫോളാരിൻ ബലോഗണിന്റെ റെഡ് കാർഡ് ലഭിച്ചാൽ കിട്ടുന്ന ഒരു മത്സരവിലക്ക് ഫിഫ ഒരു വർഷത്തേക്ക് മാറ്റിവെച്ചത്. ഇതിലൂടെ തിങ്കളാഴ്ച ലോകകപ്പ് പ്രീ-ക്വാർട്ടർ മത്സരത്തിൽ ബെൽജിയത്തിനെതിരെ ബലോഗണിന് കളിക്കാൻ അനുമതി ലഭിച്ചു.
‘ഏതൊരു കായിക വിനോദത്തെയും പോലെ ഫുട്‌ബോളും നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു. കാരണം, ന്യായവും സത്യസന്ധവും സുതാര്യവുമായ മത്സരങ്ങളുടെ അടിസ്ഥാനമാണ് നിയമങ്ങൾ. ചിലപ്പോൾ നിയമങ്ങൾ വ്യാഖ്യാനത്തിന് വിധേയമാകാറുണ്ട്. എന്നാൽ, ഈ കാര്യത്തിൽ അങ്ങനെയായിരുന്നില്ല’, യുവേഫ പ്രസ്താവനയിൽ വ്യക്തമാക്കി.
ഫിഫയുടെ തീരുമാനം കായികരംഗത്ത് മുഴുവൻ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും യുവേഫ മുന്നറിയിപ്പ് നൽകി. ലോകത്ത് ഏറ്റവും കൂടുതൽ സ്‌നേഹിക്കപ്പെടുന്ന കായിക വിനോദമാണ് ഫുട്‌ബോൾ. കാരണം, അത് ഒരു മനോഹരമായ കളിയാണ്. എല്ലായിടത്തും ഒരേ നിയമങ്ങൾ ഉപയോഗിച്ച് കളിക്കുന്നതുകൊണ്ട് ഇതിൽ ആളുകൾക്ക് വിശ്വാസമുണ്ടെന്നും യുവേഫ വ്യക്തമാക്കി.’മനസ്സിലാക്കാൻ കഴിയാത്തതും ന്യായീകരിക്കാനാവാത്തതുമായ ഈ തീരുമാനത്തിൽ ഞങ്ങൾ ഞെട്ടൽ പ്രകടിപ്പിക്കുന്നു’ യുവേഫ അറിയിച്ചു.
ചുവപ്പ് കാർഡ് ലഭിച്ചതിന് ശേഷം ഒരു മത്സരത്തിൽനിന്നുള്ള സസ്‌പെൻഷൻ ഒരു വിവേചനാധികാര ഓപ്ഷനല്ല, അത് നടപ്പാക്കാൻ ഒരു കാര്യക്ഷമമായ ബോഡിയുടെ തീരുമാനവും ആവശ്യമില്ലെന്നും യുവേഫ വ്യക്തമാക്കി. മറ്റ് നിരവധി കളിക്കാർ സമാനമായ സാഹചര്യങ്ങളിൽ അവരുടെ സസ്‌പെൻഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്നും യുവേഫ ചൂണ്ടിക്കാട്ടി.
ലോകകപ്പിൽ മൂന്ന് ഗോളുകൾ നേടിയ ബലോഗണിന്, റൗണ്ട്-ഓഫ്-32 മത്സരത്തിൽ ബോസ്‌നിയൻ പ്രതിരോധ താരത്തിന്റെ കാൽ ചവിട്ടിയതിനാണ് ചുവപ്പ് കാർഡ് ലഭിച്ചത്. ഫിഫ നിയമപ്രകാരം, നേരിട്ടുള്ള ചുവപ്പ് കാർഡ് ലഭിക്കുന്ന താരത്തിന് ഒരു മത്സരത്തിൽ വിലക്ക് ഉണ്ടാകും. ഈ വിലക്ക് നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് നീട്ടിവെക്കുകയാണ് ഫിഫ ചെയ്തത്.
ബലോഗണിന്റെ ശിക്ഷ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് ട്രംപ് ഫിഫ മേധാവി ജിയാനി ഇൻഫാന്റിനോയെ വിളിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പരസ്യമായി കാർഡ് റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫിഫയുടെ അച്ചടക്ക സമിതി വിലക്ക് ഒരു വർഷത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. തീരുമാനത്തിന് പിന്നാലെ ‘ശരിയായ കാര്യം ചെയ്തതിനും വലിയ അനീതി തിരുത്തിയതിനും ഫിഫക്ക് നന്ദി!’ എന്ന് പറഞ്ഞുകൊണ്ട് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിപ്പിടുകയും ചെയ്തു. സംഭവത്തിൽ വ്യാപക വിമർശനമാണ് ഫിഫയ്‌ക്കെതിരെ ഉയരുന്നത്.
UEFA has strongly criticized FIFA’s unprecedented decision to postpone the one-match suspension of US striker Folarin Balogun, who received a direct red card during the World Cup. UEFA termed FIFA’s move “unfathomable, unjustifiable, and a breach of the red line” that threatens the integrity of football rules. The suspension was deferred for a year following a personal intervention by US President Donald Trump, who called FIFA chief Gianni Infantino, and US State Secretary Marco Rubio, who publicly demanded the card’s revocation. Consequently, Balogun, who scored three goals in the tournament and got sent off for stepping on a Bosnian defender, is now cleared to play against Belgium in Monday’s pre-quarterfinal match. Trump later posted on Truth Social thanking FIFA for “correcting a great injustice,” sparking widespread global backlash over political interference in sports.


