പത്തനംതിട്ട: ഒൻപതാം ക്ലാസ് വിദ്യാർഥിനി നൽകിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ, അന്വേഷണത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളോട് പോലീസ് അതിക്രൂരമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി മാതാപിതാക്കൾ രംഗത്ത്. പത്തനംതിട്ട കൂടൽ പോലീസിനെതിരെയാണ് കസ്റ്റഡിയിലെടുക്കപ്പെട്ട നാല് കുട്ടികളുടെ രക്ഷിതാക്കൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പോലീസിന്റെ മാനസിക പീഡനത്തിൽ മനംനൊന്ത് ഒരു വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും രക്ഷിതാക്കൾ വെളിപ്പെടുത്തി.
കൊടുംകുറ്റവാളികളെ പിടികൂടുന്നതുപോലെ രാവിലെ ആറു മണിയോടെ വീടുവളഞ്ഞാണ് പോലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്തതെന്ന് മാതാപിതാക്കൾ പറയുന്നു. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻപോലും അനുവദിക്കാതെയാണ് കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനിൽവെച്ച് കുട്ടികളെ കാണാൻ രക്ഷിതാക്കളെ അനുവദിച്ചില്ലെന്നും കുട്ടികളെ കോളറിൽ പിടിച്ചുയർത്തി ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.
കുറ്റം സമ്മതിച്ചില്ലെങ്കിൽ ജയിലിലിടുമെന്ന് പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തി. അവർ കൊലപാതകികളൊന്നുമല്ല. പക്ഷേ, കൊടുംകുറ്റവാളികളെ കൈകാര്യംചെയ്യുന്നതുപോലെയാണ് പോലീസ് പെരുമാറിയതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. കുട്ടികൾ സ്കൂളിൽ പോകാൻ ഭയപ്പെടുകയാണെന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്നും രക്ഷിതാക്കൾ പറഞ്ഞു.ഇതിനുപുറമേ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ 20 വയസ്സുള്ള യുവാവിനെ പോലീസ് മർദ്ദിച്ചതായും പരാതിയുണ്ട്. ഈ യുവാവ് ആഭ്യന്തരമന്ത്രിക്കടക്കം പരാതി നൽകിയിട്ടുണ്ട്.
സഹപാഠികൾ ഉൾപ്പെടെ 11 പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു 13-കാരി പോലീസിന് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആറുപേരെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തിരുന്നു. എന്നാൽ, പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായി. പ്രണയബന്ധം തകർന്നതിനെത്തുടർന്നാണ് പെൺകുട്ടി ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിച്ചതെന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ചോദ്യംചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് നിയമപരമായ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. വ്യാജ മൊഴി നൽകാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. നിലവിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിൽ തുടരന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. ജില്ലാ പോലീസ് മേധാവി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
English Summary
Parents of four minor boys have raised serious allegations against the Koodal Police in Pathanamthitta for brutal harassment and mental torture during an investigation, which was later proven to be based on a fake gang-rape complaint. A 13-year-old Class 9 student had falsely alleged that 11 people, including her classmates, harassed her, driven by distress over a failed romantic relationship. Following the complaint, police reportedly cordoned off houses at 6:00 AM, detained the minors without allowing them basic amenities, and threatened them inside the station, leading one traumatized student to attempt suicide. Additionally, a 20-year-old youth who recently underwent heart surgery was allegedly assaulted by police. Following medical reports confirming no assault took place, the District Police Chief ordered an internal probe into the police’s procedural lapses while handling minors.


