മുന്‍ മന്ത്രി വി.എസ് ശിവകുമാറും ഡി.സി.സിയും ബിജെപിക്ക് വോട്ടു മറിച്ചു; ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: മുന്‍ മന്ത്രി വി.എസ് ശിവകുമാറും ഡിസിസിയും ബിജെപിക്ക് വേണ്ടി വോട്ടു മറിച്ചെന്ന ആരോപണവുമായി തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്ത്. നെടുങ്കാട് ഡിവിഷനില്‍ പരാജയപ്പെട്ട പത്മകുമാറാണ് നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്. വോട്ടു മറിച്ച വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെന്നും പത്മകുമാര്‍ പറഞ്ഞു.

സിപിഐഎം ശക്തികേന്ദ്രമായ നെടുങ്കാട് വാര്‍ഡ് പിടിക്കാന്‍ യുഡിഎഫ് നിയോഗിച്ചത് ഫോര്‍വേഡ് ബ്ലോക്കിലെ പത്മകുമാറിനെയാണ്. ഫലം വന്നപ്പോള്‍ സിപിഐഎം മേയര്‍ സ്ഥാനത്തേക്ക് കണ്ടുവച്ചിരുന്ന സിറ്റിംഗ് കൗണ്‍സിലര്‍ പുഷ്പ ലതയും യുഡിഫ് സ്ഥാനാര്‍ത്ഥി പത്മ കുമാറും തോറ്റു. ജയിച്ചത് ബിജെപിയിലെ കരമന അജിത്താണ്.

കഴിഞ്ഞ തവണ യുഡിഎഫിന് 1169 വോട്ടുകള്‍ ലഭിച്ചിടത്ത് ഇക്കുറി കിട്ടിയത് വെറും 74 വോട്ട് മാത്രമാണ്. സ്ഥാനാര്‍ത്ഥികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനമാണ് കോര്‍പറേഷനില്‍ സീറ്റ് കുറയാനിടയാക്കിയതെന്നും പത്മകുമാര്‍ പറയുന്നു. വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പത്മകുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News