തിരുവനന്തപുരം∙ മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിക്കാൻ യുഡിഎഫിൽ ചർച്ചകൾ സജീവം. ഇന്ന് വൈകിട്ടോടെ പട്ടിക ഗവർണർക്ക് കൈമാറും. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് ധനവകുപ്പും ലഭിച്ചേക്കും. ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ.മുരളീധരൻ (ആരോഗ്യം), സണ്ണിജോസഫ് (റവന്യൂ), എ.പി.അനിൽകുമാർ (ടൂറിസം), എം.ലിജു (എക്സൈസ്) എന്നിങ്ങനെയാണ് ധാരണ. ചാണ്ടി ഉമ്മന് കായിക യുവജനക്ഷേമം ലഭിച്ചേക്കും.
ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. റവന്യൂ വേണമെന്നാണ് കേരള കോൺഗ്രസ് (ജോസഫ്) ആവശ്യപ്പെടുന്നത്. കൃഷി നൽകാമെന്നാണ് കോൺഗ്രസ് പറയുന്നത്. 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിനു മുഖ്യമന്ത്രിയടക്കം 12 പേരെ ലഭിക്കും. നാളെ 10നാണ് വി.ഡി.സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.
∙ കോൺഗ്രസ് (12): ഏറക്കുറെ ഉറപ്പായവർ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.ലിജു, ബിന്ദു കൃഷ്ണ. പരിഗണനാപട്ടികയിൽ റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ടി.സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, എൻ.ശക്തൻ, വി.ടി.ബൽറാം.
മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുന്നവരിൽ ഒരാൾ സ്പീക്കറാകും; മറ്റൊരാൾ ഡപ്യൂട്ടി സ്പീക്കറോ ചീഫ് വിപ്പോ ആകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോജി എം.ജോൺ, ഐ.സി.ബാലകൃഷ്ണൻ എന്നിവരുടെ പേര് സ്പീക്കർ സ്ഥാനത്തേക്കും പറഞ്ഞുകേൾക്കുന്നു.
മുസ്‌ലിം ലീഗ് (5): ആദ്യപരിഗണന പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, കെ.എം.ഷാജി എന്നിവർക്ക്. സാധ്യതാപട്ടികയിൽ പാറയ്ക്കൽ അബ്ദുല്ല, വി.ഇ.അബ്ദുൽ ഗഫൂർ, എ.കെ.എം.അഷ്റഫ്. ഇന്നു രാവിലെ 9നു തിരുവനന്തപുരത്തു ചേരുന്ന നിയമസഭാകക്ഷി യോഗത്തിനു ശേഷം പ്രഖ്യാപനമുണ്ടാകും. 2011 ലെ വകുപ്പുകൾ തന്നെ ഇത്തവണയും ലഭിക്കാനാണു സാധ്യത. ഉന്നതവിദ്യാഭ്യാസം ഏറ്റെടുക്കാൻ കോൺഗ്രസിനു താൽപര്യമുണ്ട്.
കേരള കോൺഗ്രസ്: മോൻസ് ജോസഫ്. ഡപ്യൂട്ടി സ്പീക്കർ / ചീഫ് വിപ്പായി തോമസ് ഉണ്ണിയാടൻ അല്ലെങ്കിൽ അപു ജോൺ ജോസഫ്.
ആർഎസ്പി: ഷിബു ബേബി ജോൺ.


