ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിലയിലുണ്ടായ അസ്ഥിരതയെത്തുടർന്ന് ഡൽഹിയിൽ സിഎൻജി വില വീണ്ടും ഉയർന്നു. പുതിയ വർദ്ധനവോടെ ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 80.09 രൂപയായി മാറി. ഇറാന്റെ സൈനിക നീക്കങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും കാരണം ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതാണ് പൊതുവിപണിയിൽ പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.
വെറും രണ്ട് ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (IGL) ഉൾപ്പെടെയുള്ള വിതരണ കമ്പനികൾ വില വർദ്ധിപ്പിക്കുന്നത്. ഡൽഹി, നോയിഡ, ഗാസിയാബാദ് ഉൾപ്പെടെയുള്ള ഡൽഹി-എൻസിആർ (NCR) മേഖലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത കാബ് തൊഴിലാളികളെയും പൊതുഗതാഗത സംവിധാനങ്ങളെയും ഈ വിലവർദ്ധനവ് നേരിട്ട് ബാധിക്കും. യാത്രാക്കൂലി വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് ഇതോടെ മോട്ടോർ തൊഴിലാളി സംഘടനകൾ.
ഡൽഹിയോട് ചേർന്നുകിടക്കുന്ന ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളായ നോയിഡയിലും ഗാസിയാബാദിലും സിഎൻജി വില കിലോയ്ക്ക് 88.70 രൂപയായി ഉയർന്നിട്ടുണ്ട്. ഡൽഹിയേക്കാൾ നികുതി നിരക്കുകൾ കൂടുതലായതിനാലാണ് എൻസിആർ മേഖലയിലെ മറ്റ് നഗരങ്ങളിൽ വില 88 രൂപ കടന്നത്. ചരക്കുനീക്കത്തിനും ഹരിത ഇന്ധനമെന്ന നിലയിൽ സ്വകാര്യ വാഹനങ്ങൾക്കും സിഎൻജിയെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് ഈ തുടർച്ചയായ വിലവർദ്ധനവ് കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞ മെയ് 15 വെള്ളിയാഴ്ചയാണ് കമ്പനികൾ ഇതിന് തൊട്ടുമുമ്പ് സിഎൻജി വില വർദ്ധിപ്പിച്ചത്. അന്ന് ഒരൊറ്റയടിക്ക് കിലോയ്ക്ക് രണ്ട് രൂപയാണ് കൂട്ടിയിരുന്നത്. ഇതോടെ ഡൽഹിയിലെ ഇന്ധനവില 77.09 രൂപയിൽ നിന്ന് 79.09 രൂപയായി ഉയർന്നിരുന്നു. ഇതിന്റെ ആഘാതം മാറും മുൻപാണ് ഇപ്പോൾ വീണ്ടും ഒരു രൂപ കൂടി വർദ്ധിപ്പിച്ച് വില 80 രൂപ കടത്തിയിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് മാത്രം ആകെ മൂന്ന് രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ആഗോള ഇന്ധന വിപണിയിലെ പ്രതിസന്ധി തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും വില ഇനിയും ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന സൂചന. സിഎൻജി വില കൂടുന്നത് പരോക്ഷമായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കാം. പശ്ചിമേഷ്യൻ വിഷയത്തിൽ അമേരിക്കയും ഇറാനും കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇന്ധന വിപണിയിലെ ഈ പ്രതിസന്ധി ഇന്ത്യക്ക് വലിയ സാമ്പത്തിക വെല്ലുവിളിയാണ് ഉയർത്തുന്നത്.
English Summary
CNG prices in Delhi have been hiked for the second time in two days by ₹1 per kg, driven by the ongoing Middle East conflict that has severely impacted the global energy market. With this fresh increase, the price of CNG in Delhi has risen to ₹80.09 per kg. This consecutive hike will directly burden thousands of auto-rickshaw, taxi, and commercial vehicle drivers in the Delhi-NCR region. Meanwhile, in Noida and Ghaziabad, CNG prices have surged to ₹88.70 per kg. Earlier on May 15, distribution companies had increased the price by ₹2 per kg, pushing it from ₹77.09 to ₹79.09.


