തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്ന് ആവർത്തിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സെമിനാറിന് ദേശീയ പ്രാധാന്യമുണ്ട്. കോൺഗ്രസിനെ ക്ഷണിക്കില്ല. അവർ ഓരോ സംസ്ഥാനത്ത് ഓരോ നിലപാട് ആണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐ സെമിനാറിൽ പങ്കെടുക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
“സെമിനാർ ബിജെപി ആർഎസ്എസ് അജണ്ടക്കെതിരെയാണ്. ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ബോധപൂർവ്വ ശ്രമമാണ് ഏക സിവിൽ കോഡ്. ബിജെപി പറഞ്ഞിട്ടുള്ള മൂന്ന് കാര്യങ്ങളുണ്ട്. ബാബ്റി മസ്ജിദ് പൊളിക്കും, രാമക്ഷേത്രം പണിയും എന്നതാണ് ആദ്യത്തെ കാര്യം. ജമ്മു കശ്മീരിനെ ഇന്നത്തെ ജമ്മു കശ്മീരായി നിർത്തില്ല എന്നതാണ് രണ്ടാമത്തെ കാര്യം. അതുപോലെ കൃത്യമായി പറഞ്ഞിട്ടുള്ളതാണ് ഏക സിവിൽ കോഡ് നടപ്പാക്കും എന്നത്.
വൈവിധ്യമുള്ള ഒരു രാജ്യത്ത് വൈവിധ്യത്തെ അംഗീകരിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു രാജ്യത്തിനും നിലനിൽക്കാനാവില്ല. കോൺഗ്രസ് എവിടെയെങ്കിലും ഫാസിസത്തിനെതിരെ നിലപാട് സ്വീകരിക്കുന്നുണ്ടോ. നിലപാടാണ് പ്രശ്നം. കോൺഗ്രസിന്റെ പേരല്ല, നിലപാടില്ല എന്നതാണ് പ്രശ്നം. സെമിനാറിലേക്ക് ഞങ്ങളാരെയും ക്ഷണിച്ചില്ലല്ലോ പ്രത്യേകം. ആർക്കൊക്കെ വരണോ അവർക്കൊക്കെ വരാം. കോൺഗ്രസിനെ ക്ഷണിച്ചില്ല, ക്ഷണിക്കുകയുമില്ല”. അദ്ദേഹം പറഞ്ഞു.
സിപിഐ പങ്കെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആര് പങ്കെടുക്കും, പങ്കെടുക്കില്ല എന്നതല്ല വിഷയമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവർ പങ്കെടുക്കും. സിവിൽ കോഡ് പ്രതിഷേധം സെമിനാറിൽ മാത്രം ഒതുങ്ങില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഏക സിവിൽ കോഡിനെതിരെ സിപിഐഎം നടത്തുന്ന സെമിനാറിൽ സിപിഐ പങ്കെടുക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ദേശീയ കൗൺസിൽ യോഗം നടക്കുന്നതിനാലാണ് നേതാക്കൾക്ക് പങ്കെടുക്കാനാകാത്തതെന്ന് ഔദ്യോഗിക വിശദീകരണവും വന്നിരുന്നു. എന്നാൽ ഇടതുമുന്നണിയുടെ ഭാഗമായി നടത്തേണ്ട സെമിനാർ സിപിഐഎമ്മിന്റെ പാർട്ടി പരിപാടിയാക്കി ചുരുക്കിയതിലുള്ള അതൃപ്തിയാണ് കാരണമെന്നായിരുന്നു അഭ്യൂഹം.
മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിലും സിപിഐ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സിപിഐയുടെ ജില്ലാ നേതാക്കൾ സെമിനാറിന്റെ സംഘാടക സമിതിയുടെ ഭാഗമാണ്. ഏക സിവിൽ കോഡിനെതിരായ സെമിനാറിന്റെ ലക്ഷ്യത്തോട് എതിർപ്പില്ലാത്തതിനാൽ ജില്ലാ നേതാക്കൾക്ക് പരിപാടിയുമായി സഹകരിക്കാമെന്നും സിപിഐയുടെ നിലപാട് എടുത്തതായാണ് വിവരം.