ഭുവനേശ്വര്‍: ഒഡീഷയില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് അധ്യാപകര്‍ സൂര്യാതപമേറ്റ് മരിച്ചു. ഒഡീഷയിലെ മയൂര്‍ഭഞ്ച്, സുന്ദര്‍ഗഡ് ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സെന്‍സസ് (കണക്കെടുപ്പ്) ജോലികള്‍ക്കായി വീടുതോറുമുള്ള സര്‍വേ നടത്തുന്നതിനിടെയാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദ്യനാഥ് ഹൈസ്‌കൂള്‍ അധ്യാപകന്‍ രാജ്കപൂര്‍ ഹെംബ്രാം, സുന്ദര്‍ഗഡ് ജില്ലയിലെ ജരദ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകന്‍ അനുരാഗ് എക്ക എന്നിവരാണ് സൂര്യാതപമേറ്റ് മരിച്ചത്. സര്‍വേ കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെ രാജ്കപൂര്‍ അബോധാവസ്ഥയിലാവുകയും ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തു. ശനിയാഴ്ച ഡ്യൂട്ടിക്കിടെ അനുരാഗ് രോഗബാധിതനാവുകയും അതേദിവസം തന്നെ മരണപ്പെടുകയും ചെയ്തു.
ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നിട്ടും സെന്‍സസ് ജോലികള്‍ തുടരാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് രാജ്കപൂര്‍ ഹെംബ്രാമിന്റെ കുടുംബം ആരോപിച്ചു. ആ സമയത്ത് പ്രദേശങ്ങളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചു. മരണകാരണം സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്.
കടുത്ത ചൂട് പരിഗണിച്ച് സെന്‍സസ് ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കാര്‍ നേരത്തെ തന്നെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ജോലികള്‍ നിരോധിച്ചിട്ടുണ്ട്.


