ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ബൈക്കപകടത്തിൽ പരുക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ എം ആസാദ്, കെ ആർ അജീഷ് എന്നിവർക്കെതിരെയാണ് നടപടി
കട്ടപ്പന പള്ളിക്കവലയിൽ വച്ച് ശനിയാഴ്ച രാത്രിയാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാൻ ഇടിച്ച് കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി(23) എന്നിവർക്ക് പരുക്കേറ്റത്. അപകടം നടന്നതിന് തൊട്ടുപിന്നാലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ജീപ്പ് അതുവഴി എത്തി. നാട്ടുകാർ ഓടിക്കൂടി അപകടത്തിൽപ്പെട്ടവരെ പോലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചു. എന്നാൽ പോലീസുകാർ ഇത് സമ്മതിക്കാതെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിച്ച ശേഷം ജീപ്പോടിച്ചു പോയി.
സംഭവം വാർത്തയായതിനെ തുടർന്ന് ഇടുക്കി ജില്ല പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കട്ടപ്പന ഡിവൈഎസ്പിയോട് നിർദ്ദേശിച്ചു. ജീപ്പിലുണ്ടായിരുന്ന പോലീസുകാരായ ആസാദിനും അജീഷിനും സംഭവത്തിൽ വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. വകുപ്പു തല നടപടിക്ക് ശുപാർശ ചെയ്ത് ഡിവൈഎസ് പി വി എ നിഷാദ് മോൻ ജില്ല പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതേത്തുടർന്നാണ് രണ്ടു പേരെയും ജില്ല പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
തുടർ അന്വേഷണം നടത്താനും കട്ടപ്പന ഡിവൈഎസ് പിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നെടുംകണ്ടം പോലീസ് സ്റ്റേഷനിൽ നടപടി നേരിട്ടവരുട എണ്ണം 68 ആയി. രാജ് കുമാർ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ പേർ നടപടി നേരിട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഖിലും ജൂബിനും ആശുപത്രിയിൽ ചികിത്സയിലാണ്.