ഡീപ്പ് ഫേക്കുകൾ- ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് ഏഴ് ദിവസം സമയം നൽകി സർക്കാർ
ന്യൂഡൽഹി:ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങളില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക ഓഫീസറെ ഉടന്‍ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍. കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍
സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ഐടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയിക്കാന്‍ ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഒരു വെബ്‌സൈറ്റ് വികസിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഐടി നിയമം ലംഘനമാണോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയും പരാതി നല്‍കുന്നതിനുള്ള സഹായം നല്‍കുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.
അതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ഉള്ളടക്കത്തിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വെളിപ്പെടുത്തിയാല്‍. അത് പങ്കുവെച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഐടി നിയമങ്ങള്‍ക്കനുസൃതമായി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ ഏഴ് ദിവസമാണ് കമ്പനികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഐടി നിയമ ലംഘനത്തോട് ഇന്ന് മുതല്‍ യാതൊരുവിധ സഹിഷ്ണുതയും കാണിക്കില്ലെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഡീപ്പ് ഫേക്കുകള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ 1 ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഡീപ്പ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞയാഴ്ച പറയുകയുണ്ടായി. വിവിധ ചലച്ചിത്ര നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ പുറത്തുവന്നത് വിവാദമായ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.