തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; കോണ്‍വെന്റ് അടച്ചു

തിരുവല്ല: തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് കോണ്‍വെന്റിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേരും പുഷ്പഗിരി ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. കൊവിഡ് സ്ഥിരീകരിച്ച കന്യാസ്ത്രീകളില്‍ ഒരാള്‍ ആശുപത്രിയിലെ സൈക്യാട്രി വാര്‍ഡിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെയാള്‍ ജോലി നോക്കുന്നത് കമ്യൂണിറ്റി സര്‍വീസിലാണ്.

കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 35 അംഗങ്ങളുള്ള കോണ്‍വെന്റ് അടച്ചു. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ കൊവിഡ് ബാധിതരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 52 പേരാണുള്ളത്.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു നടപടി.

കൊവിഡ് ബാധിതന്റെ പ്രാഥമിക സമ്പര്‍ക്കത്തില്‍ ആയതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായിരുന്നില്ലെന്ന രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News