കൈ തട്ടി മാറ്റി അവൾ ഒരൊറ്റ ആട്ട് .. “പ്ഫാ.. പരനാറി.. മനുഷ്യനെ കൊന്നിട്ടാണോടോ തന്റെ കോപ്പിലെ അഭിനയം”
മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ജിഷിൻ മോഹനും വരദയും. സീരിയലിലെ വില്ലനെ ജീവിത നായകനാക്കിയ താരം കൂടിയാണ് വരദ. സീരിയൽ സെറ്റിൽ നിന്നും മൊട്ടിട്ട ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തിയത് 2014 ൽ ആണ്. അന്ന് മുതൽ തുടങ്ങിയ അവരുടെ പ്രണയ യാത്രയ്ക്ക് കൂട്ടായി ഇപ്പോൾ മകൻ ജിയാനുമുണ്ട്.രസകരമായ പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കുന്നതിൽ മിടുക്കനാണ് ജിഷിനും. അത്തരത്തിൽ ഉള്ളൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
ഇത് കാണുമ്പോൾ ആദ്യം ഓർമ്മ വന്നത് ‘അക്കരെ അക്കരെ അക്കരെ’ സിനിമയിൽ, “എന്റെ മേക്കപ്പ് എങ്ങനെ ഉണ്ട്” എന്ന വിജയന്റെ ചോദ്യത്തിന്, “ഓ.. നീ സാധാരണ കാണുന്ന പോലെ തന്നെ, വലിയ മാറ്റം ഒന്നും ഇല്ല” എന്ന ദാസന്റെ മറുപടിയാണ് . ആ ഉണ്ടക്കണ്ണു മാത്രം കുറച്ചു കൂടി തള്ളി നിൽപ്പുണ്ട് 🤦♂️. വാട്സാപ്പിലെ ഈ സ്മൈലി പോലെ. എന്തൊക്കെ ആയാലും ഈ കറുപ്പിന് ഏഴഴകാണ് അല്ലേ?ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിനും .
എന്തായാലും സെൽഫ് ട്രോൾ അവിടെ നിക്കട്ടെ. കാര്യത്തിലേക്ക് വരാം. ഇത് ഞാനും വരദയും കൂടി ‘ആർപ്പോ ഇർറോ’ എന്ന കൈരളി ടിവിയുടെ റിയാലിറ്റി ഷോയിൽ ചെയ്ത ‘ഒഥല്ലോ’ നാടകത്തിലെ വേഷം ആണ്. ഒഥല്ലോ ആയി ഞാനും, ഡെസ്ഡിമോണ ആയി അവളും. ഒരു തൂവാല കാരണം ഭാര്യയിൽ അവിശ്വാസം ജനിച്ച ഒഥല്ലോ കോപാകുലനായി ഡെസ്ഡിമോണയെ ഞെക്കിക്കൊല്ലുന്നത് വരെ ഉള്ള ഭാഗം ആണ് ഞങ്ങൾ അവതരിപ്പിച്ചത്. ഷോബി തിലകന്റെ ഘനഗംഭീരമായ ശബ്ദത്തിൽ കൂടി കടന്നു പോകുന്ന രംഗങ്ങൾ. അവസാന രംഗത്തിൽ കഥാപാത്രം മുഴുവൻ ഉള്ളിലേക്ക് ആവാഹിച്ച് തലയിണ വച്ചു അവളുടെ മുഖത്തു അമർത്തിപ്പിടിച്ചു. അവൾ കിടന്ന് പിടയ്ക്കുന്നു.
ഞാനും വിചാരിച്ചു, ഇവള് ഒടുക്കത്തെ അഭിനയമാണല്ലോ എന്ന്. പിടഞ്ഞു പിടഞ്ഞ് നിശ്ചലമായ ഡെസ്ഡിമോണയുടെ മുഖത്തു നിന്നും തലയിണ എടുത്ത് അത് കെട്ടിപ്പിടിച്ചു അലറിക്കരയുന്ന ഒഥല്ലോയിൽ ആ രംഗം അവസാനിച്ചു. സ്വന്തം പെർഫോമൻസിൽ അഭിമാനം പൂണ്ടിരിക്കുമ്പോൾ കാണികളുടെ നിർത്താതെയുള്ള കരഘോഷങ്ങൾക്കിടയിൽക്കൂടി ആരോ ചുമയ്ക്കുന്ന ശബ്ദം ഞാൻ കേട്ടു. ഇതാരാടാ കയ്യടിക്കുന്നവർക്കിടയിൽ ഈ ക്ഷയരോഗം പിടിച്ചവൻ എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോൾ കാണാം, വരദ കണ്ണും തള്ളി ചുമച്ചു ഊർദ്ധശ്വാസം വലിച്ചു കട്ടിലിൽ ഇരിക്കുന്നു. ‘അയ്യോ.. എന്ത് പറ്റി മോളെ..’ എന്ന് വിളിച്ചു അടുത്ത് ചെന്ന എന്റെ കൈ തട്ടി മാറ്റി അവൾ ഒരൊറ്റ അട്ട് ആയിരുന്നു. “പ്ഫാ.. പരനാറി.. മനുഷ്യനെ കൊന്നിട്ടാണോടോ തന്റെ കോപ്പിലെ അഭിനയം” എന്ന്.!! അതും, കറക്ട് കരഘോഷം നിലച്ച സമയത്ത്!!. ഒരു നിമിഷത്തെ സ്ഥബ്ധതയ്‌ക്കു ശേഷം കരഘോഷം വീണ്ടും ഉയർന്നു. ഞങ്ങളുടെ നാടകത്തിലെ പെർഫോമൻസിനു കിട്ടിയ കയ്യടി ആയിരുന്നോ, അതോ അവളുടെ ആ അവസാനത്തെ ഡയലോഗിന് കിട്ടിയ കയ്യടി ആയിരുന്നോ അത് എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇന്നും എന്റെ മനസ്സിൽ കിടക്കുന്നു. 🤔🤔🤔
വാൽക്കഷ്ണം: അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മരിച്ചു വീഴണം എന്നത് ഒരുവിധപ്പെട്ട എല്ലാ കലാകാരന്മാരുടെയും ആഗ്രഹം ആണല്ലോ. അതിനുള്ള ഒരവസരം ആണ് അവൾ നഷ്ടപ്പെടുത്തിയത്. സാരമില്ല മോളെ.. ഇനിയും സ്റ്റേജുകളും പെർഫോമൻസും വരുമല്ലോ.. നമുക്ക് അന്ന് നോക്കാം. കേട്ടോ.