KeralaNews

രാജമലയില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 24 ആയി

മൂന്നാര്‍: രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 24 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്ഥലത്ത് ചെളിയും പാറക്കൂട്ടങ്ങളും നിറഞ്ഞിരിക്കുന്നതിനാല്‍ തെരച്ചില്‍ നടത്തുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍ എം.എം.മണി എന്നിവര്‍ മൂന്നാറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഡീന്‍കുര്യാക്കോസ് എം.പി, എസ്.രാജേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

പോലീസും ഫയര്‍ഫോഴ്സും ദേശീയ ദുരന്തനിവാരണ സംഘവും വനം ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. ഇനി 42 പേരെ മണ്ണിനടിയില്‍ നിന്നു പുറത്തെടുക്കാനുണ്ട്. ഇവരെ മണ്ണുനീക്കി പുറത്തെടുക്കാനുള്ള അതീവ ദുഷ്‌ക്കരമായ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നാട്ടുകാരുടെ വന്‍ സംഘവും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

വെള്ളിയാഴ്ച നടത്തിയ തെരച്ചിലില്‍ 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഇന്നു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി സമീപത്തു സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്. പെട്ടിമുടിയില്‍ കണ്ണന്‍ദേവന്‍ കമ്പനിയുടെ ഉടമസ്ഥയിലുള്ള ലയങ്ങളില്‍ കഴിഞ്ഞവരാണ് ദുരന്തത്തിനിരയായത്. നാലു ലയങ്ങള്‍ക്കു പുറമെ ലേബര്‍ ക്ലബ്, കാന്റീന്‍ എന്നിവയും പൂര്‍ണമായി മണ്ണിനടിയിലായി. നാലു ലയങ്ങളിലായി മുപ്പതു വീടുകളാണുണ്ടായിരുന്നത്.

വ്യാഴാഴ്ച രാത്രി 10.50 ഓടെയായിരുന്നു വലിയ ഉരുള്‍പൊട്ടലുണ്ടായത്. മുപ്പതു വീടുകളിലായി 78 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ രക്ഷപെട്ടു. എസ്റ്റേറ്റ് ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്ന താഴ്വാരത്തിനു സമീപത്തെ മലമുകളില്‍ നിന്നാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഒരു കിലോമീറ്ററോളം കൂറ്റന്‍ പാറകളും മണ്ണും നിരങ്ങിയിറങ്ങി. വീടുകള്‍ നിന്നിരുന്ന സ്ഥലത്ത് കൂറ്റന്‍ പാറക്കെട്ടുകളും മണ്ണും വന്നു മൂടിയ നിലയിലാണ്. മൂന്നാറിലെ മറ്റ് എസ്റ്റേറ്റുകളില്‍ നിന്നു വ്യത്യസ്തമായി ഒറ്റപ്പെട്ട മേഖലയാണ് രാജമല. ഇതു രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

സംഭവസമയത്ത് വൈദ്യുതിയും ഫോണ്‍ ബന്ധങ്ങളും ഇല്ലാതിരുന്നതും സംഭവം പുറംലോകമറിയുന്നതിനു തടസമായി. രാത്രി പെയ്ത കനത്ത മഴയില്‍ റോഡില്‍ മണ്ണിടിഞ്ഞു വീണ് റോഡ് ഗതാഗതം തടസപ്പെട്ടതോടെ എസ്റ്റേറ്റില്‍ നിന്നും അടുത്തുള്ള എസ്റ്റേറ്റുകളിലേക്ക് അപകടവിവരം അറിയിക്കാന്‍ കഴിയാതെയും വന്നു. പുലര്‍ച്ചെയാണ് രാജമലയില്‍ നിന്നും അടുത്ത എസ്റ്റേറ്റായ നമയക്കാട് എസ്റ്റേറ്റില്‍ വിവരമെത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker