പത്തനംതിട്ട:സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം സ്ഥിരീകരിച്ചു. പത്തനംതിട്ട കൊടുമണിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇന്നലെ മരിച്ച കൊടുമൺ ചിറ സ്വദേശിനി മണിക്കും എലിപ്പനി ബാധ സ്ഥിരീകരിച്ചു.
കൊടുമൺ ചിറ സ്വദേശിനി സുജാതയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് അഡ്മിറ്റ് ചെയ്ത സുജാതയ്ക്ക് എലിപ്പനി സ്ഥിരീകരിച്ചത് വളരെ വൈകിയായിരുന്നു. ആരോഗ്യനില മോശമായ സുജാതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, മഴക്കാലം എത്തുമ്പഴേക്കും സംസ്ഥാനത്ത് ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ വീണ്ടും ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് പനി മൂലം ചികിത്സ തേടിയത് 11,329 പേരാണ്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളും വർധിക്കുകയാണ്.