മത്സരയോട്ടത്തിനിടെ ബൈക്കുകള്‍ ജീപ്പിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര: മത്സരിച്ച് ബൈക്കോടിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കുകള്‍ ജീപ്പിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ റാഷിദ് (18), അല്‍ ഫഹദ് (18)എന്നിവരാണ് മരിച്ചത്. എംസി റോഡില്‍ കലയപുരത്തിനു സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അല്‍ ഫാസ് (19), ബിജിത്ത് (19) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കലയപുരം പെട്രോള്‍ പമ്പില്‍ നിന്നു ഇന്ധനം നിറച്ചു പുറത്തേക്കുവന്ന ജീപ്പില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ ഇടിക്കുകയായിരുന്നു. റാഷിദ് സംഭവസ്ഥലത്തുവച്ചും അല്‍ ഫഹദ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. മരിച്ച രണ്ടുപേരും പത്തനംതിട്ട തൈക്കാവ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്.

രണ്ടു ബൈക്കുകളിലായി ഇവര്‍ പത്തനംതിട്ടയില്‍ നിന്നു കൊട്ടാരക്കരയ്ക്കു വരും വഴിയാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടില്‍ രണ്ടു ബൈക്കുകളിലായി പോയ ഇവര്‍ മല്‍സരിച്ച് വാഹനമോടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പെട്രോള്‍ പമ്പില്‍ നിന്നു ഇറങ്ങി വന്ന ജീപ്പില്‍ രണ്ടു ബൈക്കുകളും ഒന്നിനു പിറകെ ഒന്നായി ഇടിച്ചുകയറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News