KeralaNews

കോട്ടയത്ത് രണ്ടു കാെവിഡ് രോഗികൾ, ജാഗ്രത പുലർത്തണമെന്ന് കളക്ടർ

കോട്ടയം:തുടര്‍ച്ചയായ ദിവസങ്ങളില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം കോട്ടയം ജില്ലയില്‍ നിലവിലില്ലെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു.

ഈ മാസം ഒന്‍പതിന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ യുവതിക്കും (29) കുഞ്ഞിനുമാണ്(രണ്ട്) രോഗം ബാധിച്ചിട്ടുള്ളത്. സഹയാത്രികനായിരുന്ന മലപ്പുറം സ്വദേശിക്ക് നേരത്തെ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ഈ വിമാനത്തില്‍ എത്തിയ കോട്ടയം ജില്ലയില്‍നിന്നുള്ള 21 പേര്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ഇവരില്‍ 10 പേര്‍ വീടുകളിലും ഒന്‍പതു പേര്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രത്തിലും ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗം സ്ഥിരീകരിച്ച യുവതിയുള്‍പ്പെടെ ആറു പേര്‍ ഗര്‍ഭിണികളാണ്. യുവതിയെയും കുട്ടിയെയും നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും ഉഴവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്ന ടാക്സി ഡ്രൈവറെ എറണാകുളത്ത് ക്വാറന്‍റയിനില്‍ പാര്‍പ്പിച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍തൃമാതാവും നിരീക്ഷണത്തിലാണ്.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തുക മാത്രമാണ് രോഗപ്രതിരോധത്തിനുള്ള മാര്‍ഗം. ആരോഗ്യവകുപ്പിന്‍റെ ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഹോം ക്വാറന്‍റയിനിലുള്ളവര്‍ കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. വയോജനങ്ങള്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം-കളക്ടര്‍ നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button