ക്വാറന്‍റൈന്‍ ലംഘനം കണ്ടെത്താന്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം:വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തി. കേരളത്തിലെത്തിയവര്‍ ക്വാറന്‍റൈനില്‍ കഴിയുന്ന വീടുകള്‍ ഇന്നുമുതല്‍ പോലീസ് നിരീക്ഷണത്തിലായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ക്വാറന്‍റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ചെക്ക്പോസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് മറ്റെങ്ങും പോകാതെ നേരെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ അല്ലെങ്കില്‍ വീട്ടില്‍ എത്തുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കും. അവര്‍ വഴിയില്‍ പ്രത്യേകം തയ്യാറാക്കിയ ടോയ്ലെറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇക്കാര്യം ഉറപ്പാക്കുന്നതിന് ഹൈവേ പോലീസിന്‍റെ സേവനം ഉറപ്പാക്കും. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും.

ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് വയനാട് ജില്ലയില്‍ രണ്ട് കേസും കാസര്‍ഗോഡ് ജില്ലയിലും കോഴിക്കോട് ജില്ലയിലും ഒരു കേസ് വീതവും രജിസ്റ്റര്‍ ചെയ്തതായും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News