കളിച്ചുകൊണ്ടിരിക്കെ ഊഞ്ഞാലില്‍ കഴുത്തു കുരുങ്ങി ആറാം ക്ലാസുകാരന് ദാരുണാന്ത്യം; ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസുകാരനും

കോലഞ്ചേരി: വീടിനുള്ളിലെ ഊഞ്ഞാലില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്ത് കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. അരൂക്കുറ്റി ഒമ്പതാം വാര്‍ഡില്‍ കാവുകാട്ട് വിപിന്‍ദാസിന്റേയും ബീനയുടേയും മൂത്തമകന്‍ വൈഷ്ണവ് ആണ് ഊഞ്ഞാലില്‍ കുരുങ്ങി മരിച്ചത്. നദുവത്ത്‌നഗര്‍ എന്‍.ഐ. യു.പി.എസ്. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

മറ്റൊരു സംഭവത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരനും മരിച്ചു.
കോലഞ്ചേരി കുറിഞ്ഞി വട്ടേക്കാട്ട് കോളനിയില്‍ ജോണ്‍സന്റെയും സുമയുടെയും മകന്‍ അരുണ്‍ (9) ആണ് ഷാളില്‍ കുരുങ്ങി മരിച്ചത്.

ബുധനാഴ്ച വൈകിട്ടാണ് വൈഷ്ണവ് ഊഞ്ഞാലില്‍ കുരുങ്ങിയത്. ഊഞ്ഞാലിലിരുന്ന് കളിക്കുകയും ടി.വി. കാണുകയും ചെയ്യുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ കഴുത്ത് കയറില്‍ കുരുങ്ങിപ്പോവുകയായിരുന്നു. കൂട്ടുകാര്‍ വന്ന് നോക്കുമ്പോഴാണ് ഊഞ്ഞാലില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News