തിരുവല്ലയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താന്‍ ശ്രമം; സംഘത്തില്‍ വനിതയും

പത്തനംതിട്ട: തിരുവല്ലയില്‍ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താന്‍ ശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ നഗരത്തില്‍ രണ്ടിടങ്ങളിലായി നടന്ന അക്രമി സംഘത്തില്‍ യുവതിയും ഉള്‍പെട്ടിരുന്നു. മാരുതി ഓമ്‌നി വാനിലാണ് സംഘം എത്തിയത്. ഇവരെ നാട്ടുകാര്‍ വാഹനം തടഞ്ഞ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. വാഹനത്തില്‍ നിന്ന് വലിച്ചെറിഞ്ഞ മാരകായുധം കണ്ടെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ച 4.30-നും അഞ്ചുമണിക്കും ഇടയിലായിരുന്നു സംഭവം. തിരുവല്ല മതില്‍ ഭാഗത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനായ കാവുംഭാഗം സ്വദേശി രാജന് നേരേയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നാലെ അമ്പിളി ജങ്ഷന് സമീപം പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പിന് നേരേയും ആക്രമണമുണ്ടായി. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെക്കുറിച്ച് പൊലീസിന് സൂചനകള്‍ ലഭിച്ചതായാണ് വിവരം. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News