മലപ്പുറം: മീൻ കൊണ്ടുപോകുന്ന ബൊലേറോ പിക്കപ്പ് കണ്ടൈനറിലെ സീലിംഗിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ. കണ്ണൂർ കാരാട്ട്കുന്ന് മുഹമ്മദ് റാഹിൻ(20), മുഴുപ്പിലങ്ങാട് സ്വദേശി ഹർഷാദ്(25) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കടത്താൻ ശ്രമിച്ച 156 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
78 പൊതികളാക്കിയാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സംസ്ഥാനത്ത് ചില്ലറ വിൽപ്പനക്ക് ആണ് ഇത് എത്തിച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന പ്രാഥമിക വിവരം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. ഇവർ മിനി പിക്കപ്പ് ലോറിയിൽ സാധാരണ മീൻ കയറ്റി പോകുന്ന രീതിയിൽ പോവുകയായിരുന്നു. വാഹനത്തിൽ നിറയെ മീൻ പെട്ടികളും ഉണ്ടായിരുന്നു. ഈ പെട്ടികൾ കൊണ്ട് കഞ്ചാവ് വെച്ച രഹസ്യ അറകൾ മറച്ചുവെച്ചിരുന്നു. അതിനാൽ ഒറ്റ നോട്ടത്തിൽ പൊതികൾ കണ്ടെത്താൻ കഴിയുമായിരുന്നില്ല.
പൊലീസ് വാഹനത്തിൽ നിന്ന് മീൻപെട്ടികൾ പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് രഹസ്യ അറക്കുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പ്രതികളോട് ചോദിച്ചു വരികയാണ്. പിടികൂടിയ കഞ്ചാവിന് 50 ലക്ഷത്തിലേറെ രൂപ വിലമതിപ്പുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.
മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ്‌കുമാർ, സിഐ. സി.അലവി, എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ. മുഹമ്മദ് യാസിർ , ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ്, പെരിന്തൽമണ്ണ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. പ്രതി ഹർഷാദിന്റെ പേരിൽ അടിപിടി, ബോംബെറ്,കഞ്ചാവ് കേസുകൾ നിലവിലുണ്ട് . മുഹമ്മദ് റാഹിൽ മയക്കുമരുന്ന് കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയതാണ്.